വിദേശ തൊഴിലാളി ലെവി പുനപരിശോധിക്കണമെന്ന് സൗദി ശൂറാ കണ്‍സില്‍



മനാമ > മനാമ: സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ ലെവി ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നുംലെവി പുനപരിശോധിക്കണമെന്നും ശൂറാ കൗണ്‍സില്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സ്ഥാപനങ്ങളുടെ നില നില്‍പ്പിനെയും വളര്‍ച്ചയെയും ലെവി സാരമായി ബാധിച്ചു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ലെവി അടക്കമുള്ള ഭരണപരാമായ നയങ്ങള്‍ പ്രതിസന്ധി കൂട്ടുന്നു. ഇത്തരം ഭരണപരമായ നടപടികളില്‍ പുനരാലോചന വേണം. സ്ഥാപനങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന നയങ്ങള്‍ ഉണ്ടാകണം. ചെറുകിട സ്ഥാപനങ്ങള്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസുകള്‍ തിരിച്ചു നല്‍കുന്ന സംവിധാനം ആവിഷ്‌കരിക്കണമെന്നും അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. സൗദികളെ കൂടുതലായി ജോലിക്കുവെക്കുന്നതു പ്രോത്സാഹിപ്പിക്കാന്‍ 2017 ജൂലായ് ഒന്നു മുതലാണ് വിദേശ തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയത്. ആദ്യ വര്‍ഷം നൂറു റിയാലായിരുന്ന ലെവി പിന്നീട് സൗദി ജീവനക്കാരുടെ കുറവിനസൃതമായി ഉയര്‍ത്തി. ഇത് കമ്പനികള്‍ അടക്കണം. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിത വിസയില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും ലെവിയുണ്ട്.   ഇഖാമ പുതുക്കണമെങ്കില്‍ ഒരു വര്‍ഷത്തെ മുഴുവന്‍ ആശ്രിത ലെവിയും അടക്കണം. ലെവി ഉയര്‍ത്തിയത് കമ്പനികളെ സാമ്പത്തിക പ്രയാസത്തിലാക്കിയെന്നാണ് ശൂറാ കൗണ്‍സില്‍ കണ്ടെത്തിയത്. വന്‍ തോതില്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും ലെവി തീരുമാനം വഴിവെച്ചു. ആശ്രിത ലെവി കാരണം പ്രവാസികള്‍ കുടുംബത്തെ നാട്ടിലയക്കുന്നതും സാധാരണയായി. കോവിഡ് വന്നതോടെ പ്രതിസന്ധി രൂക്ഷമായി. Read on deshabhimani.com

Related News