സൗദി പ്രവാസികള്‍ക്ക് ആശ്വാസം: ഇഖാമ, റീഎന്‍ട്രി എന്നിവ സൗജന്യമായി നീട്ടി



മനാമ > സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശന വിസ എന്നിവയുടെ കാലാവധി ആഗസ്‌ത് 31 വരെ സൗജന്യമായി നീട്ടി. ഇതു സംബന്ധിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ജവാസാത്തിന് (പാസ്‌പോര്‍ട്ട് വിഭാഗം) നിര്‍ദേശം നല്‍കി. നേരത്തെ കാലാവധി ജൂലൈ 31 വരെ നീട്ടിയിരുന്നു. ഇതാണിപ്പോള്‍ അടുത്ത മാസം അവസാനം വരെ നീട്ടിയത്. യാത്രാ വിലക്കു കാരണം സൗദിയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത ആയിരകണക്കിന് പ്രവാസികള്‍ക്ക് ഇത് വലിയ ആശ്വാസമാകും. സൗദിയിലുള്ള വിസിറ്റ് വിസക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ജൂലായ് 31ന് റീ എന്‍ട്രി തീരുന്ന മലയാളികളടക്കം നിരവധി പ്രവാസികള്‍ പ്രതിസന്ധിയിലായിരുന്നു. ഇവര്‍ സൗദി പ്രഖ്യാപനത്തോടെ ആശ്വാസത്തിലാണ്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററുമായി സഹകരിച്ച് ഓട്ടോമാറ്റിക് ആയാണ് റീ എന്‍ട്രികളും സന്ദര്‍ശക വിസകളും ദീര്‍ഘിപ്പിക്കുക. ഇതിന് ഉപഭോക്താക്കള്‍ക്ക് ജവാസാത്ത് ആസ്ഥാനങ്ങളെ സമീപിക്കേണ്ടതില്ല. നേരത്തെ ഇരു പത് രാജ്യങ്ങള്‍ക്കായിരുന്നു സൗദിയില്‍ പ്രവേശന വിലക്ക്. എന്നാല്‍, ജൂണ്‍ ഒന്ന് മുതല്‍ ഇന്ത്യയും പാക്കിസ്ഥാനുമടക്കം ഒന്‍പത് രാജ്യക്കാര്‍ക്കായി വിലക്ക് ചുരുക്കി. Read on deshabhimani.com

Related News