ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനം; സൗദിയിൽ അറബ്- ചൈനീസ് ഉച്ചകോടി



മനാമ> ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ സന്ദർശനത്തിനോടനുബന്ധിച്ച് ഡിസംബർ ഒൻപതിന് സൗദി ചൈനീസ്- അറബ് ഉച്ചകോടി സംഘടിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത മാസം ഏഴിനാണ് ഷി റിയാദിൽ എത്തുക. പെട്രോളിയം ഉൽപ്പാദന തർക്കത്തിൽ സൗദി-യുഎസ് ബന്ധത്തിന് ഉലച്ചിൽ തട്ടിയ സമയത്താണ് ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനവും ഉച്ചകോടിയും എന്നത് ശ്രദ്ധേയമാണ്. ചൈനീസ്-അറബ് ഉച്ചകോടിക്കായി മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഭരണാധികാരികൾക്ക് ക്ഷണം ലഭിച്ചിച്ചയതായും നയതന്ത്ര വ്യത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഉച്ചകോടിയിൽ നിരവധി അറബ് നേതാക്കളും വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, വിഷയത്തിൽ സൗദിയോ, ചൈനയോ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. അതേസമയം, ഉച്ചകോടിയിൽ ഗൾഫ് രാജ്യങ്ങളുമായും മറ്റ് അറബ് രാജ്യങ്ങളുമായും ഊർജം, സുരക്ഷ, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കരാറുകളും ധാരണാപത്രങ്ങളും ചൈനീസ് പ്രതിനിധികൾ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നയതന്ത്രജ്ഞർ വ്യക്തമാക്കി.  വിശാലമായ അറബ് ഉച്ചകോടിക്കുപുറമേ, ചൈന-ഗൾഫ് ഉച്ചകോടിയും നടക്കും.   സന്ദർശനത്തിൽ വ്യാപാരബന്ധം ശക്തിപ്പെടുത്താനും പ്രാദേശിക സുരക്ഷയ്ക്കും മുൻഗണന നൽകുമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ ഈ മാസം ആദ്യം റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു.ചൈനയുമായും സൗദിയുമായും അമേരിക്കയുടെ ബന്ധത്തിന് കുറച്ചുകാലമായി ഉലച്ചിലേറ്റു. പ്രധാന സുരക്ഷാ പങ്കാളിയായ അമേരിക്കയുടെ മേഖലയോടുള്ള പ്രതിബദ്ധതയെക്കുറിച്ചു പ്രാദേശിക സംശയങ്ങൾ വർദ്ധിച്ചതിനെതുടർന്ന് ഗൾഫ് അറബ് രാജ്യങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനയുമായും റഷ്യയുമായും ബന്ധം ശക്തിപ്പെടുത്തുന്നുണ്ട്.   യുഎസ് എതിർപ്പുകൾ അവഗണിച്ച് ഒപെക് പ്ലസ് ഒക്ടോബറിൽ ഉൽപാദന ലക്ഷ്യങ്ങൾ വെട്ടിക്കുറയ്ക്കാനെടുത്ത തീരുമാനം യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ രോഷാകുലരാക്കിയിരുന്നു. ജൂലൈയിൽ സന്ദർശനത്തിനിടെ ബൈഡൻ നന്നാക്കാൻ ശ്രമിച്ച സൗദിയുമായുള്ള ദീർഘകാല ബന്ധത്തെ കൂടുതൽ ബാധിക്കുന്നതായിരുന്നു തീരുമാനം. Read on deshabhimani.com

Related News