ബംഗ്ലാദേശിലെ സൗദി എംബസി കേന്ദ്രീകരിച്ച് വിസ കച്ചവടം; രണ്ട് നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കം 13 പേര്‍ പിടിയില്‍



മനാമ> ബംഗ്ലാദേശിലെ സൗദി എംബസി കേന്ദ്രീകരിച്ച് അനധികൃതമായി വിസ കച്ചവടം നടത്തി കോടികണക്കിന് റിയാല്‍ അഴിമതി നടത്തിയ കേസില്‍ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരടക്കം 13 പേര്‍ അറസ്റ്റില്‍. ഇതില്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥരും ഒന്‍പത് ബംഗ്ലാദേശി പൗരന്‍മാരും ഉള്‍പ്പെടും. ബംഗ്ലാദേശിലെ സൗദി എംബസി കോണ്‍സുലാര്‍ മേധാവിയും ഡെപ്യൂട്ടി അംബാസഡറുമായ അബ്ദുല്ല ഫലാഹ് മദ്ഹി അല്‍ശംരി, ഡെപ്യൂട്ടി കോണ്‍സുലാര്‍ ഖാലിദ് നാസര്‍ ആയിദ് അല്‍ഖഫ്താനി എന്നിവരാണ് അറസ്റ്റിലായ ഡിപ്ലൊമാറ്റുകള്‍. സൗദി ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് സംഘം പിടിയിലായതെന്ന് അഴിമതി വിരുദ്ധ സമിതി ഞായറാഴ്ച അറിയിച്ചു. സൗദി തൊഴില്‍ വിസ ഇഷ്യൂ ചെയ്യുന്നതിന് വിവിധ സമയങ്ങളിലായി ഇവര്‍ 54 ദശലക്ഷം റിയാല്‍ കൈപറ്റിയതായും ഇതില്‍ ഒരു ഭാഗം സൗദിയില്‍ സ്വീകരിക്കുകയും ചെയ്തു. ബാക്കി തുക വിദേശത്ത് നിക്ഷേപിച്ചതായും കണ്ടെത്തി. സൗദിയില്‍ അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്‍മാരുടെ താമസ സ്ഥലത്തുനിന്ന് രണ്ട് കോടിയിലേറെ റിയാല്‍ പിടികൂടി. കൂടാതെ, സ്വര്‍ണ ബിസ്‌കറ്റകളും കരകൗശല വസ്തുക്കളും ആഡംബര വാഹനങ്ങളും പിടിച്ചെടുത്തു. ഇവര്‍ വിദേശത്തേക്ക് പണം കടത്തിയതായും കണ്ടെത്തി. പലസ്തീന്‍ നിക്ഷേപകന് അനുകൂലമായി 23 ദശലക്ഷം റിയാല്‍ സാമ്പത്തിക ബാധ്യത ഒപ്പിടാന്‍ ഒരു പ്രവാസിയെ നിര്‍ബന്ധിച്ചതിന് രണ്ടു പൊലിസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതോടെയാണ് വന്‍ തട്ടിപ്പിലേക്ക് വെളിച്ചം വീശിയത്. Read on deshabhimani.com

Related News