ഹജ്ജ് സീസണിന് ശേഷമുള്ള ഉംറ പെർമിറ്റുകൾ അനുവദിച്ചുതുടങ്ങി



ജിദ്ദ> ഹജ്ജ് സീസണിന് ശേഷമുള്ള  ഉംറ പെർമിറ്റുകൾ അനുവദിച്ചു തുടങ്ങി. പെർമിറ്റുകൾ മുഹറം മാസം മുതൽ നൽകിത്തുടങ്ങും എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഇഹ്ത്തമർനാ  ആപ്ലിക്കേഷൻ വഴിയാണ് ഉംറ പെർമിറ്റുകൾ നേടേണ്ടത്. മുഴുവൻ സമയവും ഗ്രാൻഡ് മോസ്‌കിന്റെ ശേഷിക്കനുസരിച്ച് അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുന്നതിന് "ഇഹ്ത്തമർനാ ആപ്ലിക്കേഷൻ" നിരവധി ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. അതോടൊപ്പം മക്ക ഗ്രാൻഡ് മോസ്‌കിലേക്കും മദീനയിലെ പ്രവാചക പള്ളിയിലേക്കും പ്രവേശിക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങളും ആപ്ലിക്കേഷൻ നൽകുന്നുണ്ട്. ഉംറയ്ക്ക് പെർമിറ്റുകൾ ലഭിക്കുന്നതിനും  ഗ്രാൻഡ് മസ്ജിദിൽ പ്രവേശിക്കുന്നതിനുമുള്ള ആവശ്യകതകളിൽ "തവക്കൽന" ആപ്ലിക്കേഷൻ അനുസരിച്ചുള്ള ആരോഗ്യ സുരക്ഷ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ  കോവിഡ് രോഗബാധിതരാണെന്ന് തെളിയിക്കപ്പെട്ടവരോ, കോവിഡ് -19 ബാധിച്ചവരിൽ ഒരാളുമായി സമ്പർക്കം പുലർത്തിയവരോ ആണ് അപേക്ഷകരെങ്കിൽ അവരുടെ  പെർമിറ്റ്  റദ്ദാക്കപ്പെടുന്നതാണ്. ഹറമിനുള്ളിൽ  മുഴുവൻ സമയവും മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് പുറമേ, പെർമിറ്റ് കാലയളവിന്റെ അവസാനത്തിൽ തന്നെ  പരിസരം വിടാനുള്ള ബാധ്യതയും പെർമിറ്റ് നേടിയവർക്കുണ്ടായിരിക്കും. കൂടാതെ ഹറമിൽ പ്രവേശിപ്പിക്കാൻ അനുമതിയില്ലാത്ത ബാഗുകളും ലഗേജുകളും കൂടെ കൊണ്ടുപോകാതിരിക്കുക എന്ന നിബന്ധനയും ഉണ്ട്. രാജ്യത്തിനകത്തുള്ള പൗരന്മാർക്കും രാജ്യത്ത് കഴിയുന്ന വിദേശികളായ താമസക്കാർക്കും ഉംറയ്ക്കും മദീന സന്ദർശനത്തിനും "ഇഹ്ത്തമർനാ" വഴി ബുക്ക് ചെയ്യാനും പെർമിറ്റുകൾ എടുക്കാനും  കഴിയും എന്ന് മന്ത്രാലയം പറഞ്ഞു. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും വിദേശ താമസക്കാർക്കും രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന ഉംറ തീർത്ഥാടകർക്കും എളുപ്പവും ലളിതവുമായ ഘട്ടങ്ങളിലൂടെ പെർമിഷൻ എടുക്കാവന്നതാണ് എന്നും മന്ത്രാലയം അറിയിച്ചു. ഇഹ്ത്തമർനാ ആപ്ലിക്കേഷനിലെ റിസർവേഷൻ പേജ്, ബുക്കിംഗിന്റെ സാധ്യത ലഭ്യമാണോ അല്ലെങ്കിൽ ലഭ്യമല്ല എന്ന് സൂചിപ്പിക്കാൻ മാസത്തിലെ എല്ലാ ദിവസവും റിസർവേഷനുകളുടെ ശേഷിയുടെ സൂചകം പ്രത്യേകം നിറം നൽകി കാണിക്കുന്നതാണ്. നിറങ്ങൾ അനുസരിച്ച് "കുറഞ്ഞ തിരക്കിനു പച്ച നിറവും, ഉയർന്ന തിരക്കിന് ചുവപ്പ്, ഇടത്തരം തിരക്കിനു ഓറഞ്ച് എന്നിങ്ങനെ പ്രത്യേകം നിറങ്ങൾ സൂചിപ്പിക്കുമ്പോൾ  അപ്പോയിന്റ്മെന്റുകൾ ലഭ്യമല്ലെന്നുള്ളതിനു ഗ്രേ നിറവും  സൂചന നൽകുന്നു. Read on deshabhimani.com

Related News