ജോലിക്കിടെ അപകടം; ഇരു കൈകാലുകളും നഷ്‌ടമായ ഉത്തർപ്രദേശ് സ്വദേശിക്ക് തുണയായി ഖസീം പ്രവാസി സംഘം



റിയാദ് > ബുറൈദയിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കിടെ വൈദ്യുത ആഘാതമേറ്റ് ഇരു കയ്യും ഇരു കാലും നഷ്‌ടമായ ഉത്തർപ്രദേശ് സ്വദേശി രേണുകുമാറിന്‌ തുണയായി ഖാസിം പ്രവാസി സംഘം. 2019 ലാണ് രേണുകുമാർ ഇലക്‌ട്രീഷ്യനായി സൗദിയിലെ ബുറൈദയിൽ എത്തുന്നത്. സഹപ്രവർത്തകൻ നൽകിയ സന്ദേശം തെറ്റായി മനസിലാക്കിയതിനെ തുടർന്ന് യന്ത്രത്തിൽനിന്ന്‌ ഷോക്ക്‌ ഏൽക്കുകയായിരുന്നു. തുടർന്ന്‌ കൈകാലുകൾ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് മാർഗ്ഗമുണ്ടായിരുന്നില്ല. ഇൻഷൂറൻസ് നഷ്‌ടപരിഹാരം ലഭിക്കുന്നത്‌ വൈകിയതിനെത്തുടർന്ന്‌ ഖാസിം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലികയെ ബന്ധപ്പെട്ടു. നൈസാം തൂലികയും സലാം പാറട്ടിയും ഇൻഷുറൻസ് കമ്പനി, ഇന്ത്യൻ എംബസി , ബാങ്ക് എന്നിവയെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇരുവരും രേണുകുമാറിനെ ഉനൈസ അമീറിന് മുന്നിൽ എത്തിക്കുകയായിരുന്നു. അമീറിന്റെ ശ്രദ്ധയിൽപെട്ട ഉടനെ പണം നൽകുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകി. ഇൻഷുറൻസ് കമ്പനിയിൽനിന്നും ലഭിച്ച 22 ലക്ഷം രൂപ നാട്ടിലയച്ച രേണുകുമാർ, ജോലിചെയ്‌തിരുന്ന കമ്പനിയിൽനിന്നുമുള്ള ആനുകൂല്യം കരസ്ഥമാക്കി രണ്ടു ദിവസംകൊണ്ട് നാടണയും. ആപത്ത് ഘട്ടത്തിൽ കൂടെനിൽക്കുകയും സഹായിയെ നൽകുകയും ചെയ്‌ത കമ്പനി, സാങ്കേതികത്വത്തിന്റെ ചുവപ്പ് നാടയിൽ സഹായിച്ച നൈസാം തൂലിക, സലാം പാറാട്ടി എന്നിവരോട് നന്ദി പറഞ്ഞുകൊണ്ടാണ്‌ സ്വദേശത്തേക്ക് മടങ്ങുന്നത്. Read on deshabhimani.com

Related News