‘വിദ്യാകിരണം ’പദ്ധതിയിലേക്ക്‌ കേളി പത്ത് ലക്ഷം രൂപ നൽകി



റിയാദ് >  സംസ്ഥാനത്ത് എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള 'വിദ്യാകിരണം' പദ്ധതിയിലേക്ക്  കേളി കലാസാംസ്കാരിക വേദി പത്തുലക്ഷം രൂപ സംഭാവന നൽകി. നിലവില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ കണക്ക് ശേഖരിച്ചതായും പ്രവാസികളുടെ അടക്കം വലിയ പിന്തുണ പുതിയ പദ്ധതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പോർട്ടൽ ഉദ്‌ഘാടന വേളയിൽ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ലോക കേരളസഭാ അംഗങ്ങളെയും പ്രവാസി സംഘടനാ ഭരവാഹികളെയും ഉൾപ്പെടുത്തി രണ്ട് തവണ മുഖ്യമന്ത്രി ഓൺലൈനായി യോഗം വിളിച്ചു ചേർത്തിരുന്നു. കേളിയെ പ്രതിനിധീകരിച്ചു പങ്കെടുത്ത കേന്ദ്ര രക്ഷാധികാരി കമ്മിറ്റി സെക്രട്ടറിയും, ലോക കേരളസഭാ അംഗവുമായ കെപിഎം സാദിഖ് പത്തു ലക്ഷം രൂപ കേളി നൽകുമെന്ന് വാഗ്‌ദാനം നൽകിയിരുന്നു. കേളി യൂണിറ്റുകളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നുമായി തുക സമാഹരിച്ചാണ് ലക്ഷ്യം പൂർത്തീകരിച്ചത്. പദ്ധതിയുടെ വിജയത്തിനായി തുടർന്നും കേളിയാൽ കഴിയുന്ന സഹായങ്ങൾ നൽകാൻ തയ്യാറാകുമെന്ന് കേളി ആക്ടിങ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ അറിയിച്ചു. കേളി വിദ്യാഭ്യാസ പുരസ്കാരം നേടിയ ചില വിദ്യാർഥികൾ പുരസ്‍കാര വിതരണ വേദിയിൽ വെച്ചു തന്നെ തങ്ങൾക്ക് കിട്ടിയ ക്യാഷ് അവാർഡ് തുക വിദ്യാകിരണം പദ്ധതിയിലേക്ക് സംഭാവന നൽകിയിരുന്നു. Read on deshabhimani.com

Related News