യു.എ.ഖാദറിന്റെ നിര്യാണത്തില്‍ റിയാദ് കേളിയുടെ അനുശോചനം



  റിയാദ്: മതനിരപേക്ഷ പുരോഗമനോന്മുഖ നിലപാടുകള്‍ കൈക്കൊള്ളുകയും തന്റെ സര്‍ഗാത്മക കൃതികളില്‍ അത് ശക്തമായിത്തന്നെ  പ്രതിഫലിപ്പിക്കുകയും ചെയ്ത യുഎ ഖാദറിന്റെ നിര്യാണത്തില്‍ റിയാദ് കേളി കലാസാംസ്‌കാരിക വേദി അനുശോചിച്ചു.   പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഭാഗമായി എന്നും നിലകൊണ്ട അദ്ദേഹത്തിന്റെ വിയോഗം മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണെന്ന് കേളി സാംസ്‌കാരിക വിഭാഗം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.    തൃക്കോട്ടൂര്‍ പെരുമ പോലെയുള്ള കൃതികളിലൂടെ പ്രാദേശിക ചരിത്രം കഥകളിലൂടെ വരച്ചിട്ട എഴുത്തുകാരനായിരുന്നു അദ്ദേഹം. ഒരു കമ്യൂണിസ്റ്റ് അനുഭാവി കൂടിയായ അദ്ദേഹം കമ്മ്യൂണിസത്തോടുള്ള ഇഷ്ടം തന്റെ കൃതികളില്‍ സന്നിവേശിപ്പിക്കാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്.   മ്യാന്‍മാറില്‍ ജനിച്ച യുഎ ഖാദര്‍ കേരളീയമായ ഭാഷാ സംസ്‌കൃതിയെ ഉള്‍ക്കൊണ്ട് മലയാളത്തനിമ നിറഞ്ഞ കൃതികള്‍ രചിച്ച് വായനക്കാരുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ കേരളത്തിന്റെ സാഹിത്യ, സാംസ്‌കാരിക മണ്ഡലങ്ങള്‍ക്കും മതനിരപേക്ഷതയടക്കമുള്ള ജനാധിപത്യമൂല്യങ്ങള്‍ക്കാകെയും കനത്ത നഷ്ടമാണ് ഉണ്ടായതെന്നും അനുശോചനക്കുറിപ്പില്‍ പറഞ്ഞു.   Read on deshabhimani.com

Related News