പ്രതിപക്ഷവും മാധ്യമങ്ങളും വികസന യാഥാര്‍ത്ഥ്യങ്ങളെ ജനങ്ങളില്‍ നിന്നും ഒളിപ്പിച്ചു വെക്കാനുള്ള വ്യഗ്രതയില്‍: ഡോ. തോമസ് ഐസക്



മനാമ > അനാവശ്യ വിവാദങ്ങള്‍ അന്തരീക്ഷത്തില്‍ പടര്‍ത്തി വികസന യാഥാര്‍ത്ഥ്യങ്ങളെ ജനങ്ങളില്‍ നിന്നും ഒളിപ്പിച്ചു വെക്കാനുള്ള വ്യഗ്രതയിലാണ് കേരളത്തിലെ വലതു പക്ഷ രാഷ്ട്രീയ പാര്‍ട്ടികളും അതിന്റെ കുഴലൂത്തുകാരായ മാധ്യമങ്ങളുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു.    ഇരുപത് വര്‍ഷത്തിനു ശേഷമുള്ള കേരളത്തെ ഇന്നെ ചിന്തിച്ച് പ്രവര്‍ത്തിപ്പിക്കേണ്ട അത് അപ്പോള്‍ മതി എന്നാണ് കെ-റെയില്‍ വിരോധം പറയുന്ന ആളുകളുടെ വാദം. നാലു കുടുംബങ്ങള്‍ക്ക് ഒരു കാറ് എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. സമീപ ഭാവിയില്‍ അതു രണ്ട് കുടുംബങ്ങള്‍ക്ക് ഒന്ന് എന്ന സ്ഥിതിവിശേഷത്തിലേക്ക് മാറും. ഇത്രയധികം വാഹനങ്ങളെ ഉള്‍കൊള്ളാന്‍ നമ്മുടെ ആറു വരി ദേശീയപാത  പോലും മതിയാകാതെ വരും. അപ്പോള്‍ അതിനുള്ള ഇന്നിന്റെ പോംവഴിയാണ് കെ- റെയില്‍. മാത്രവുമല്ല കെ-റെയിലിന് ചെലവഴിക്കുന്ന തുക സമൂഹത്തിന് തിരികെ ലഭിക്കാതെ പോകും എന്നാണ് സമരക്കാരുടെ വാദം. എങ്കില്‍ ടോള്‍ പിരിക്കാന്‍ അനുവാദമില്ലാത്ത ദേശീയ പാതക്ക് വേണ്ടി ചെലവഴിക്കുന്ന 60,000 കോടി രൂപ എങ്ങനെ തിരികെ ലഭിക്കുമെന്ന് ഈ വാദക്കാര്‍ ആലോചിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കാലത്തിന് മുമ്പെ സഞ്ചരിക്കുന്ന ജനതയായി നമുക്ക് മാറാന്‍ കഴിയണം. അത്തരം ബോധ്യത്തിലേക്ക് കേരളത്തെ എത്തിക്കാന്‍ എല്ലാ പരിഗണനകള്‍ക്കുമപ്പുറം  പ്രവാസികള്‍ക്ക് കഴിയേണ്ടതുണ്ട്-അദ്ദേഹം ഓര്‍മ്മിപ്പിച്ചു.    കേരളത്തിലെ മതേതര മൂല്യങ്ങളെ കാത്തു സൂക്ഷിക്കാനും കേരള വികസനത്തെ ത്വരിതപ്പെടുത്താനും പ്രവാസി മലയാളികള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.   കേരളീയ സമാജം പ്രസിഡണ്ട് പിവി രാധാകൃഷ്ണപിള്ള, സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ഇന്ത്യന്‍ ക്ലബ്ബ് ആക്ടിംഗ് പ്രസിഡണ്ട് സാനി പോള്‍, രാമത്ത് ഹരിദാസ്, പ്രൊഗ്രസ്സീവ് പ്രഫഷണല്‍ ഫോറം പ്രസിഡണ്ട് ഇഎ സലീം, സെക്രട്ടറി അഡ്വ. ശ്രീജിത് കൃഷ്ണന്‍. രക്ഷാധികാരി സമിതി അംഗവും കേരള പ്രവാസി കമ്മീഷന്‍ അംഗവുമായ സുബൈര്‍ കണ്ണൂര്‍, മറ്റു പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങള്‍ എന്നിവര്‍ സ്വീകരണ യോഗത്തില്‍ സന്നിഹിതരായി.   തോമസ് ഐസക്കിനുള്ള പ്രതിഭയുടെ ഉപഹാരം മുഖ്യ രക്ഷാധികാരി പി ശ്രീജിത് കൈമാറി. നാട്ടിലേക്കു മടങ്ങുന്ന രക്ഷാധികാരി സമിതി അംഗം ജയരാജന്‍, സോഷ്യല്‍ മീഡിയ കണ്‍വീനര്‍ അനില്‍ കണ്ണപുരം എന്നിവര്‍ക്കുള്ള കേന്ദ്ര മേഖല തല ഉപഹാരങ്ങള്‍ ഡോ. തോമസ് ഐസക് കൈമാറി, പ്രതിഭ മനാമ യുണിറ്റ് മെംബര്‍ ഉണ്ണികൃഷ്ണന് ആദ്യമായി ലഭിച്ച പ്രവാസി പെന്‍ഷന്‍ തുക പ്രതിഭ സാന്ത്വന ഫണ്ടിലേക്കായി ജനറല്‍ സെക്രട്ടറി പ്രദീപ് പതേരിക്ക്  കൈമാറി. Read on deshabhimani.com

Related News