ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് അവബോധമുണ്ടാക്കുന്ന രചനകളായിരിക്കണം കുട്ടികള്‍ക്ക് നല്‍കേണ്ടത് : രവി സുബ്രഹ്‌മണ്യന്‍



ഷാര്‍ജ> വായനയുടെ ലോകത്ത് നിന്നും കുട്ടികളെ തള്ളിമാറ്റരുതെന്ന് പ്രശസ്ത എഴുത്തുകാരനും ബാങ്കിംഗ് മേഖലയിലെ വിദഗ്ധനുമായ രവി സുബ്രഹ്‌മണ്യന്‍ പറഞ്ഞു. എഴുത്തുകാരന്‍ എന്ന നിലയില്‍ ഏറ്റവും ശ്രമകരമായത് കുട്ടികള്‍ക്ക് വേണ്ടി എഴുതുക എന്നതാണ്. ചെറിയ പുസ്തകമാണെന്ന് നമ്മള്‍ തെറ്റിദ്ധരിക്കും. ഇത്തരം പുസ്തകങ്ങള്‍ എഴുതാന്‍ വളരെ എളുപ്പമാണെന്നും നമ്മല്‍ വിചാരിക്കും. പക്ഷെ കുട്ടികള്‍ വായനക്കാരില്‍ വളരെയധികം പ്രത്യേകതയുള്ളവരാണ്. മുതിര്‍ന്നവര്‍ ഒരു പുസ്തകം മുഴുവനായി വായിച്ച് വിലയിരുത്തുമ്പോള്‍ കുട്ടികള്‍ ഓരോ പേജുകളും വിലയിരുത്തും. അവസാനത്തെ പേജ് വരെ കുട്ടികള്‍ കാത്തിരിക്കില്ല. ആദ്യത്തെ പേജില്‍ തന്നെ അവരെ പിടിച്ചിരുത്താന്‍ കഴിയണം. കുട്ടികള്‍ക്ക് വേണ്ടി എഴുതുമ്പോള്‍ ഓരോ പേജും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. നമ്മള്‍ ശ്രദ്ധിച്ചിരിക്കും ഒരു പുസ്തകശാലയില്‍ ചെല്ലുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തകങ്ങളുടെ ഭാഗം ശുഷ്‌കമായിരിക്കും. ഇത് ഞെട്ടിപ്പിക്കുന്നതും ഖേദകരവുമാണ്. കുട്ടികള്‍ക്ക് വേണ്ടി എഴുതുന്നവരും കുറവായിരിക്കും. ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് അവബോധമുണ്ടാക്കുന്ന രചനകളായിരിക്കണം കുട്ടികള്‍ക്ക് നല്‍കേണ്ടത്.  ലാഭനഷ്ടങ്ങള്‍ നോക്കാതെ കുട്ടികള്‍ക്ക് വേണ്ടി എഴുതുന്നത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.   41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ തന്റെ രചനാ രീതികളെക്കുറിച്ച് വായനക്കാരുമായി സംവദിക്കുകയായിരുന്നു രവി സുബ്രഹ്‌മണ്യന്‍. കുട്ടികള്‍ക്കുള്ള രചനാരീതി ലളിതവും സുന്ദരവുമായിരിക്കണം. മുതിര്‍ന്ന ഒരാള്‍ ഒരു പുസ്തകം വായിക്കുന്നത് അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് മനസ്സിലാക്കിയായിരിക്കും. പക്ഷെ കുട്ടികളുടെ പ്രായവും ചിന്താരീതിയും എഴുത്തുകാരന്‍ പരിഗണിക്കണം. കുട്ടികളുടെ ചിന്തകള്‍ റോക്കറ്റുപോലെ ഉയരത്തിലേക്ക് പോകുന്നതാണ്. അതിനുസരിച്ചുള്ള രചനാശാസ്ത്രം അവലംബിക്കണം-അദ്ദേഹം പറഞ്ഞു. ജോലിയില്‍ നിന്നും വേറിട്ട നിമിഷങ്ങള്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് വന്നത്. എഴുത്ത് വിനോദത്തിന് വേണ്ടിയുള്ളതാണ്. പ്രത്യേകമായി സമയമെടുത്ത് അച്ചടക്കത്തോടെ എഴുതുന്ന രീതിയല്ല, സൗകര്യപ്പെടുന്ന സമയമെടുത്ത് എഴുതുന്ന രീതിയാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന രവി സുബ്രഹ്‌മണ്യന്‍ ഈ മേഖലയിലെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ത്രില്ലറുകള്‍ എഴുതിയാണ് ശ്രദ്ധിക്കപ്പെട്ടത്. 1993 ബാച്ചിലെ ബാംഗ്ലൂര്‍ ഐഐഎം വിദ്യാര്‍ത്ഥിയാണ് രവി സുബ്രഹ്‌മണ്യന്‍.   Read on deshabhimani.com

Related News