ഫ്രാൻസിസ് മാർപ്പാപ്പായുടെ ബഹ്‌റൈൻ സന്ദർശനം വ്യാഴാഴ്ച ആരംഭിക്കും

Pop Francis/ www.facebook.com/photo


മനാമ> ഫ്രാൻസിസ് മാർപ്പാപ്പയുടെ ബഹ്‌റൈൻ സന്ദർശനം വ്യാഴാഴ്‌ച ആരംഭിക്കും. ഞായർ വൈകീട്ട് വരെ തുടരുന്ന സന്ദർശനത്തിൽ അദ്ദേഹം വിവിധ ചടങ്ങുകളിൽ സംബന്ധിക്കും. പ്രഥമ ബഹ്‌റൈൻ സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ രാജ്യം ഒരുങ്ങി. വ്യാഴാഴ്‌ച വൈകീട്ട് 4.45 നാണ് മാർപ്പാപ്പ ബഹ്‌റൈനിൽ എത്തുക. തുടർന്ന് ഹമദ് രാജാവിനെ സന്ദർശിക്കും. തുടർന്ന് നയതന്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരുമായുള്ള കൂടിക്കാഴ്ച. വെള്ളിയാഴ്ച രാവിലെ പത്തിന് സാക്കിർ കൊട്ടാരത്തിലെ അൽ ഫിദ ചത്വരത്തിൽ 'ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗ്: മാനവ സഹവർത്തിത്വത്തിന് കിഴക്കും പടിഞ്ഞാറും' എന്ന സംവാദത്തിന്റെ സമാപന സമ്മേളത്തിൽ മാർപാപ്പ പങ്കെടുക്കും. കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോഎക്‌സിസ്റ്റൻസ്, മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ്, സുപ്രീം കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് സംവാദം സംഘടിപ്പിക്കുന്നത്. 200 ലേറെ ആഗോള വിശ്വാസ നേതാക്കളും പണ്ഡിതന്മാരും കോൺഫറൻസിൽ പങ്കെടുക്കും. വൈകീട്ട് അൽ അസ്ഹർ ഗ്രാൻഡ് ഇമാമും മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അധ്യക്ഷനുമായ ഡോ. അഹ്‌മദ് അൽ ത്വയ്യിബുമായി സ്വകാര്യ കൂടിക്കാഴ്ചക്കുശേഷം 'കിഴക്കും പടിഞ്ഞാറും' ചർച്ചാവേദിക്കായി അബുദാബി ആസ്ഥാനമായ മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സുമായി കൂടിക്കാഴ്ച നടത്തും. പാശ്ചാത്യ രാജ്യങ്ങളിലെ മുസ്ലീം സമൂഹങ്ങൾ, മാനുഷിക പ്രതിസന്ധികൾ, കാലാവസ്ഥാ പ്രശ്‌നങ്ങൾ, മുസ്ലീം-ക്രിസ്ത്യൻ ബന്ധങ്ങൾ എന്നിവ ചർച്ചയാകും. വൈകീട്ട് 5.45ന് അവാലിയിലെ ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ സമാധാന പ്രാർഥന നടത്തും. ശനിയാഴ്ച രാവിലെ എട്ടരക്ക് ബഹ്‌റൈൻ നാഷണൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന കുർബാനയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യും. വൈകീട്ട് അഞ്ചിന് സേക്രട്ട് ഹാർട്ട് സ്‌കൂളിൽ യുവജനങ്ങളുമായി സംസാരിക്കും. ആറിന് ഞായറാഴ്ച രാവിലെ 9.30ന്  മനാമയിലെ സേക്രഡ് ഹാർട്ട് പള്ളിയിൽ ബിഷപ്പുമാർ, വൈദികർ, സഭാ പ്രവർത്തകർ എന്നിവരുമായി പ്രാർഥനാ യോഗത്തെയും മാർപ്പാപ്പ അഭിസംബോധന ചെയ്യും. ഉച്ചക്ക് ഒന്നിന് റോമിലേക്ക് മടങ്ങും. ബഹ്‌റൈനിലേക്കുള്ള മാർപാപ്പയുടെ സന്ദർശനത്തിന്റെ സന്ദേശം 'സദ്ഭാവമുള്ള ആളുകൾക്ക് ഭൂമിയിൽ സമാധാനം' എന്നതാണ്. 2013 മാർച്ച് 13ന് മാർപാപ്പയായി ചുമതലയേറ്റ ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുന്ന ഏഴാമത്തെ അറബ് രാജ്യമാണ് ബഹ്‌റൈൻ. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ഇതിനകം 57 ലോകരാജ്യങ്ങൾ മാർപാപ്പ സന്ദർശിച്ചു. വ്യത്യസ്ത മതങ്ങൾ തമ്മിലുള്ള ഐക്യവും ബന്ധവും ഊട്ടിയുറപ്പിക്കുന്നതിന് അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് വിവിധ രാജ്യങ്ങളിലേക്കുള്ള സന്ദർശനം. 2014ൽ ജോർദാനാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ച ആദ്യ അറബ് രാഷ്‌ട്രം. 2019 ഫെബ്രുവരിയിൽ യുഎഇ സന്ദർശിച്ചു. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ഐക്യവും സഹവർത്തിത്വവുമാണ് മനുഷ്യരാശിയുടെ പുരോഗതിയിലേക്കും മുന്നേറ്റത്തിലേക്കുമുള്ള ഏക മാർഗമെന്ന് ഇറാഖിലെ സന്ദർശനം പൂർത്തിയാക്കിയ വേളയിൽ നൽകിയ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.   Read on deshabhimani.com

Related News