ഹജ്ജ്: ജംറ കല്ലേറ് തുടങ്ങി

മിനയില്‍ ജംറയില്‍ തീര്‍ത്ഥാടകര്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്നു


മനാമ> ഹജ്ജ് തീര്‍ഥാടകര്‍ മിനായിലെ ജംറയില്‍ കല്ലേറ് കര്‍മ്മം തുടങ്ങി. അറഫ സംഗമ ശേഷം മുസ്‌ദലിഫയില്‍ രാപ്പാര്‍ത്ത് മിനാ താഴ്‌വരയില്‍ തിരിച്ചെത്തിയ തീര്‍ത്ഥാടകരാണ് ശനിയാഴ്‌ച കല്ലേറ് നടത്തിയത്. ഇനിയുള്ള മൂന്നു ദിവസങ്ങളില്‍ ഇവര്‍ മിനായില്‍ താമസിച്ച് കല്ലേറ് നിര്‍വഹിക്കും. ശനിയാഴ്‌ച രാവിലെ പ്രധാന ജംറയായ ജംറത്തുല്‍ അഖ്ബയിലായിരുന്നു ആദ്യ ദിന കല്ലേറ് കര്‍മം. തുടര്‍ന്ന് മക്കയില്‍ മസ്‌ജിദുല്‍ ഹറമില്‍ ത്വവാഫുല്‍ ഇഫാദയും നിര്‍വഹിച്ചു. ശേഷം തീര്‍ത്ഥാടകര്‍ മുടിയെടുത്തു ഇഹ്‌റാമിന്റെ പ്രത്യേക വസ്ത്രം മാറ്റി. തുടര്‍ന്ന് തീര്‍ഥാടകര്‍ മിനായിലേക്ക് മടങ്ങി. സൗദിയടക്കമുള്ള ആറ് ഗള്‍ഫ് രാജ്യങ്ങള്‍ ശനിയാഴ്ച ബലി പെരുന്നാള്‍ ആഘോഷിച്ചു. മക്ക, മദീന ഹറം പള്ളികളില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ ലക്ഷക്കണക്കിനു വിശ്വാസികള്‍ സംബന്ധിച്ചു.മുസ്ദലിഫയില്‍ നിന്ന് ശേഖരിച്ച ഏഴ് കല്ലുകളാണ് ചെകുത്താന്റെ പ്രതീകമായ സ്‌തൂപത്തില്‍ എറിയുന്നത്. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും കല്ലേറ് നിര്‍വഹിച്ചു. ഓരോ ഗ്രൂപ്പുകളായാണ് തീര്‍ഥാടകര്‍ കല്ലേറ് നിര്‍വഹിച്ചത്. കല്ലേറ് കര്‍മ്മത്തിന് ഓരോ ടെന്റുകളിലുള്ളവര്‍ക്കും പ്രത്യേക സമയം നല്‍കിയിട്ടുണ്ട്. ജംറയില്‍ ഒരോ ഗ്രൂപ്പുകള്‍ക്കും പ്രത്യേക നിലകളും പോക്കുവരവുകള്‍ക്ക് പാതകളും നിശ്ചയിച്ചിരുന്നു. ജംറ പാലത്തില്‍ തീര്‍ഥാടകരുടെ യാത്ര സുഗമമാക്കാന്‍ ഇത് സഹായിച്ചു. മിനായിലെ ദൂരെ സ്ഥലങ്ങളില്‍ ഉള്ളവര്‍ മെട്രോ ട്രെയിനുകളില്‍ ജംറ സ്‌റ്റേഷനുകളില്‍ എത്തി. ചില ഗ്രൂപ്പുകളെ ബസുകളിലും എത്തിച്ചു. സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ് കവാടങ്ങളും ജംറയുടെ നാലു നിലകളും. ചൊവ്വാഴ്‌ചയോടെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി വിടവാങ്ങല്‍ ത്വവഫും നിര്‍വഹിച്ച് തീര്‍ഥാടകര്‍ മടങ്ങും. Read on deshabhimani.com

Related News