യുഎഇയിൽ പെട്രോൾ ഡീസൽ വില കുത്തനെ കുറഞ്ഞു



ദുബായ്> ജനുവരി മാസത്തെ പെട്രോൾ വില പുതുക്കി പ്രഖ്യാപിച്ചപ്പോൾ യുഎഇയിൽ പെട്രോളിന് ലിറ്ററിന് 52 ഫില്‍സും, ഡീസലിന് 45 ഫിൽസും കുറവ് രേഖപ്പെടുത്തി. പുതുക്കിയ നിരക്ക് പ്രകാരം സൂപ്പർ പെട്രോൾ ലിറ്ററിന് 2.78 ദിർഹവും,  സ്പെഷ്യലിന്  2.67 ദിർഹവും, ഇ പ്ലസിന് 2.59 ദിർഹവും ആണ്. ഡിസംബറിൽ സൂപ്പർ പെട്രോളിന് 3.30 ദിർഹവും, സ്പെഷ്യലിന് 3.18 ദിർഹവും, ഇ പ്ലസിന് 3.11 ദിർഹവും ആയിരുന്നു. ഡീസലിനും വൻ കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. ഡിസംബറിൽ 3.74 ദിർഹമായിരുന്ന ഡീസലിന് ജനുവരിയിലെ നിരക്ക് 3.29 ദിർഹമാണ്. ഇന്ധന വിലയിൽ ഉണ്ടായ ഈ മാറ്റം യു എ ഇ നിവാസികൾക്ക് പ്രത്യേക ആശ്വാസമാണ് നൽകിയിരിക്കുന്നത്. 2022 ജൂലൈ മാസത്തിൽ ഉണ്ടായിരുന്ന ഇന്ധന വിലയുടെ നേർപകുതിയായാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. സ്പെഷ്യൽ പെട്രോളിന് കഴിഞ്ഞ ജൂലൈ മാസത്തിലെ വില 4.52 ദിർഹമായിരുന്നു. ജനുവരി മാസത്തിൽ അത് 2.67 ആയി കുറഞ്ഞു.  ഓഗസ്റ്റിൽ 3.92, സെപ്റ്റംബറിൽ 3.30, ഒക്ടോബറിൽ 2.92, നവംബർ 3.20, ഡിസംബർ 3.18 എന്നിങ്ങനെ ആയിരുന്നു വില.  ഒക്ടോബർ മാസത്തെ വിലയെ അപേക്ഷിച്ച് നവംബർ ഡിസംബർ മാസങ്ങളിൽ വില കൂടുതലായിരുന്നു. എന്നാൽ ജനുവരിയിലെ നിരക്ക് പ്രഖ്യാപിച്ചപ്പോൾ അത് കുത്തനെ കുറഞ്ഞിരിക്കുകയാണ്. സൂപ്പർ പെട്രോളും, ഇ പ്ലസ് പെട്രോളും, ഡീസലും തുടങ്ങി എല്ലാം ഇങ്ങനെ കുറഞ്ഞിട്ടുണ്ട്.   Read on deshabhimani.com

Related News