സംസ്ഥാന ബജറ്റ് പ്രവാസികൾക്ക് കരുതലിന്റെ ആശ്വാസം: ഓർമ



ദുബായ്‌> പ്രവാസികൾക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും പകരുന്ന സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് യു എ ഇ ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ). തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിച്ചത് ഒരുപാട് പേർക്ക് ഗുണകരമാകുമെന്ന് ലോകകേരളസഭാംഗവും ഓർമ രക്ഷാധികാരിയുമായ എൻ കെ കുഞ്ഞുമുഹമ്മദ് ചൂണ്ടിക്കാട്ടി.  പദ്ധതിയുടെ ഭാഗമായി മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കും. ഇവര്‍ക്ക് താല്പര്യമനുസരിച്ച് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായവും ലഭ്യമാക്കുമെന്നാണ്  പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടിയും പ്രഖ്യാപിച്ചു. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കാനും പ്രവാസി പെൻഷൻ തുക 3500 രൂപയായി ഉയര്‍ത്താനുമുള്ള തീരുമാനം സർക്കാരിന്റെ പ്രവാസി സൗഹൃദ നയത്തിന് ഉദാഹരണമാണെന്ന് ഓർമ ജനറൽ സെക്രട്ടറി കെ സജീവനും  പ്രസിഡന്റ് അൻവർ ഷാഹിയും ചൂണ്ടിക്കാട്ടി. കോവിഡ് അനന്തര കാലത്ത് പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും പ്രഖ്യാപനമുണ്ട്. ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം ലോക കേരള സഭ മൂന്നാം സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. Read on deshabhimani.com

Related News