കൂടുതൽ ഗൾഫ് വിമാനങ്ങൾക്ക് അനുമതി നൽകില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് വഞ്ചന: ഓർമ



ദുബായ് > കോവിഡിന് ശേഷം സഞ്ചാരികളുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കൂടുതൽ ഗൾഫ് വിമാനങ്ങൾക്ക് ഇന്ത്യയിലേക്ക് അനുമതി നൽകാത്ത കേന്ദ്ര സർക്കാർ  നടപടി പ്രവാസ സമൂഹത്തോടുള്ള വഞ്ചനയാണെന്ന് ഓർമ ദുബായ്. കഴിഞ്ഞ ആഴ്ചയിൽ റോയിറ്റേഴ്സ് ന്യൂസ് ഏജന്‍സിക്ക് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാധിത്യ സിന്ധ്യ നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയിലേക്ക് ഗൾഫ് വിമാന കമ്പനികളുടെ വിമാനങ്ങൾക്ക് കൂടുതൽ സർവ്വീസ് നടത്താൻ അനുമതി നൽകില്ലെന്ന് വ്യക്തമാക്കിയത്.  ഇന്ത്യക്ക് പൊതുമേഖലയിൽ വിമാന കമ്പനികളില്ലാത്ത സാഹചര്യത്തിൽ കോവിഡിന് മുമ്പുള്ള സർവ്വീസുകൾ പോലും അനുവദിച്ച് തരില്ലെന്ന വാദം വിചിത്രമാണ്.   ദുബായ് എമിറേറ്റ്സ്, കുവൈത്ത് ജസീറ, തുർകിഷ് എയർവേഴ്സ്, ഖത്തർ എയർവേഴ്സ് തുടങ്ങിയ വിമാന കമ്പനികൾ ഇന്ത്യയിലേക്കുള്ള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ച് തരാൻ ആവശ്യപ്പെട്ടെന്ന് ഗൾഫ് ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഈ ആവശ്യം ഇപ്പോൾ കേന്ദ്ര മന്ത്രി നിരസിച്ചിരിക്കുന്നു. സാധാരണക്കാരായ പ്രവാസ സമൂഹം ജോലിചെയ്യുന്ന ഗൾഫ് മേഖലയിലെ പ്രവാസ സമൂഹത്തിന് ഈ തീരുമാനം വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തി വെക്കുക. പെരുന്നാൾ, ഈസ്റ്റർ, വിഷു തുടങ്ങിയ ആഘോഷ നാളുകളും, കേരളത്തിലെ സ്കൂൾ അവധിക്കാലവും പ്രമാണിച്ച് പ്രവാസി മലയാളികൾ കൂടുതൽ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ വിമാന ടികറ്റ് നിരക്ക് അനുദിനം വർദ്ധിക്കുന്ന സാഹചര്യം ഉണ്ട്.  അതിനിടയിൽ എയർ ഇന്ത്യ കേരളത്തിലേക്കുള്ള സർവ്വീസുകൾ വെട്ടികുറക്കയും ചെയ്യുന്നു.  ഈ സാഹചര്യത്തിലാണ് പ്രവാസി സമൂഹത്തോട് ഇരുട്ടത്തടിച്ച പോലെ കേന്ദ്ര വ്യോമയാന മന്ത്രി ഇത്തരം ഒരു നിലപാടുകൂടി സ്വീകരിച്ചത്. പ്രവാസി സമൂഹത്തോട് കരുണയില്ലാത്ത ഈ നിലപാട് കേന്ദ്ര സർക്കാർ ഉടനടി തിരുത്തണം. കേരളീയ സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന ഇന്ത്യയുടെ വ്യോമയാന നയം തിരുത്താൻ  മലയാളിയായ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ ഇടപെടണമെന്നും ഓർമ ആവശ്യപ്പെട്ടു.  ഗൾഫ് മേഖലയെ കയ്യോഴിയുന്ന നടപടിയാണ് എയർ ഇന്ത്യ സ്വീകരിക്കുന്നത്.  അവർ പുതുതായി ഓർഡർ ചെയ്ത 470 വിമാനങ്ങളും യൂറോപ് പോലെയുള്ള ദീർഘദൂര സർവ്വീസുകൾക്ക് അനുയോജ്യമായതാണ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പ്രവാസികൾ ജോലിചെയ്യുന്ന മേഖലയാണ് ഗൾഫ് രാജ്യങ്ങൾ. ഇന്ത്യയിൽ ആവശ്യത്തിന്  വിമാന കമ്പനികളില്ലാത്ത സാഹചര്യത്തിൽ കേരളത്തിലേക്ക് ഗൾഫ് മേഖലയിൽ നിന്നുള്ള വിമാന കമ്പനികളുടെ നിയന്ത്രണം തന്നെ എടുത്ത് കളയേണ്ട ഒന്നാണ്. വിദേശ വിമാന കമ്പനികൾക്ക് മെട്രോ നഗരത്തിലല്ലാത്ത വിമാനത്താവളങ്ങളിൽ പ്രത്യേക അനുമതി ആവശ്യമാണെന്ന ഇന്ത്യയിലെ വ്യോമയാന വകുപ്പ് നിയമം ഉള്ളതിനാലും , അവക്ക് അനുമതി നൽകാത്തതിനാലും ആണ് ഇതുവരെ കണ്ണൂർ എയർപോർട്ടിൽ വിദേശ വിമാന കമ്പനികൾക്ക് യാത്രക്കാരുടെ ഡിമാന്റ് ഉണ്ടായിട്ടും സർവ്വീസ് നടത്താൻ കഴിയാത്തത്. കേരളീയ പ്രവാസി സമൂഹത്തെ പരിഗണിച്ച് കേരളത്തിലെ നാല് എയർപോർട്ടിലേക്കും ഗൾഫ് വിമാന കമ്പനികളുടെ ആവശ്യത്തിന് അനുസരിച്ച് സർവ്വീസ് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകണം. എങ്കിൽ മാത്രമേ ഗൾഫ് മേഖലയിൽ കാലങ്ങളായി തുടരുന്ന വിമാന കമ്പനികളുടെ ടികറ്റ് നിരക്ക് കൊള്ള അവസാനിപ്പിക്കാൻ കഴിയൂ.   കേരളത്തിലെ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയ പുതിയ വ്യവസായ നയത്തിനും, ലോകത്തിന്റെ ടൂറിസ്റ്റ് ഹബ്ബാക്കി കേരളത്തെ മാറ്റാൻ സ്വീകരിക്കുന്ന നടപടിക്കും എമിറേറ്റ്സ്,  ഖത്തർ എയർവേഴ്സ് പോലുള്ള ഗൾഫ് വിമാന കമ്പനികൾക്ക് കൂടുതൽ സർവ്വീസ് നടത്താൻ അനുമതി നൽകുന്നത് കരുത്ത് പകരും യാത്രാ നിരക്കിൽ കുറവു വരുത്താനും ഇത്‌ കാരണമാകും. കൂടുതൽ വിമാനങ്ങൾ അനുവതിക്കാൻ കേന്ദ്രസർക്കാർ തയ്യാറകണമെന്ന് ഓർമ സെൻട്രൽ കമ്മറ്റി അഭ്യർത്ഥിച്ചു. Read on deshabhimani.com

Related News