യുഎഇയില്‍ 24 മണിക്കൂറിനിടെ മൂന്നു മരണം; 78 ഇന്ത്യക്കാര്‍ക്ക് രോഗം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍



മനാമ: കൊറോണവൈറസ് ബാധിച്ച് 24 മണിക്കൂറിനിടെ യുഎഇയില്‍ മൂന്നു മരണം കൂടി. ഇതോടെ കോവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. തിങ്കളാഴ്ച വൈകീട്ട് 42 കാരനായ ഏഷ്യന്‍ വംശജനും 48 വയസുള്ള അറബ് വനിതയുമാണ് മരിച്ചതെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാത്രി 47 വയസുള്ള അറബ് വനിതയും മരിച്ചിരുന്നു. രാജ്യത്തെ കൊറോണവൈറസ് ബാധിതരുടെ എണ്ണം 611 ആയി ഉയര്‍ന്നു. പുതുതായി 41 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്. യുഎഇയില്‍ 78 ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധിച്ചിരുന്നു. ഇതില്‍ രണ്ടു പേര്‍ക്ക് രോഗം ഭേദമായി. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരെന്ന് മന്ത്രാലയം അറിയിച്ചു. സൗദിയില്‍ തിങ്കളാഴ്ച 154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 1453 ആയി.ഒമാനില്‍ 12 പേര്‍ക്കുകൂടി തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗ ബാധിതര്‍ 179 ആയി.  ഗള്‍ഫില്‍ കൊറോണറൈവസ് ബാധിതരുടെ എണ്ണം 3631 ആയി ഉയര്‍ന്നു. ഇതുവരെ 18 പേര്‍ മരിച്ചു. രോഗം വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഖത്തറില്‍ പൊതു സ്ഥലങ്ങളില്‍ സംഘം ചേരുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കും. കോര്‍ണീഷ്, കഫ്തീരിയകള്‍ തുടങ്ങിയവയ്ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുക, വീടിന്റെയോ താമസകേന്ദ്രത്തിന്റെ ടെറസിന് മുകളിലോ പള്ളികള്‍ക്ക് മുന്നിലോ സംഘം ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തുക തുടങ്ങിയവ വിലക്കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാണെന്നും പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവു ശിക്ഷയോ രണ്ട് ലക്ഷം റിയാല്‍ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം ഇറക്കിയ പോസ്റ്ററില്‍ പറയുന്നു. സൗദിയില്‍ ജിദ്ദ ഗവര്‍ണറേറ്റ് അടച്ചു. കര്‍ഫ്യൂ 15 മണിക്കൂറാക്കി ദീര്‍ഘിപ്പിച്ചു. ഷാര്‍ജയില്‍ എല്ലാവിധ പരിപാടികള്‍ക്കും ഏപ്രില്‍ അവസാനം വരെ വിലക്കേര്‍പ്പെടുത്തി. യുഎഇയില്‍ ത്രിദിന അണുനശീകരണ യജ്ഞം ഏപ്രില്‍ 5 വെര നീട്ടി. അണുനശീകരണ സമയത്ത് അനുമതിയില്ലാതെ പുറത്തിറങ്ങരുതെന്ന് പൊലിസ് അറിയിച്ചു. ഒമാനില്‍ മസ്‌കത്ത് പ്രവിശ്യയിലും നിയന്ത്രണം വര്‍ധിപ്പിച്ചു. വാഹനത്തിലിരുന്ന് അഞ്ചു മിനിറ്റുകള്‍ക്കകം കോവിഡ് പരിശോധന നടത്താവുന്ന ഡ്രൈവ് ത്രൂ സംവിധാനത്തിന് അബുദബി സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ തുടക്കമായി. അബുദബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു. വാഹനത്തിലിരുന്ന് സ്വയം പരിശോധനയ്ക്കു വിധേയമായിട്ടായിരുന്നു ഉദ്ഘാടനം. സൗദിയില്‍ കോവിഡ് 19 രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സക്ക് ആരോഗ്യമന്ത്രാലയം അനുമതി നല്‍കി. Read on deshabhimani.com

Related News