റമദാനിൽ അന്നമെത്തിക്കാൻ 'വൺ ബില്യൺ മീൽസ്' പദ്ധതി ഇത്തവണയും



ദുബായ്> റമദാനിൽ പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുന്ന വൺ ബില്യൺ മീൽസ് പദ്ധതി ഇത്തവണയും ഉണ്ടാകുമെന്ന് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട ആളുകൾക്ക് ഭക്ഷണം എത്തിക്കുന്ന പദ്ധതിയാണ് വൺ ബില്യൺ മീൽസ് പദ്ധതി. റമദാൻ ഒന്നുമുതൽ ഈ പദ്ധതി ആരംഭിക്കും. ലോകത്ത് പത്തിൽ ഒരാൾ പട്ടിണിയിൽ അകപ്പെട്ടവരാണെന്നും മാനവികവും ധാർമികവുമായ ദൗത്യം എന്ന നിലയിലാണ് ഇത്തവണയും ഇത് തുടരുന്നത് എന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെ വ്യക്തമാക്കി. കഴിഞ്ഞവർഷം 50 രാജ്യങ്ങളിലാണ് ഈ പദ്ധതി വഴി സഹായം എത്തിച്ചത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഈ പദ്ധതി വഴി സഹായം എത്തിച്ചിരുന്നു. പലസ്തീൻ, ലബനോൺ, ജോർദാൻ, യമൻ, ടുണീഷ്യ,  ഇറാക്ക്, ഈജിപ്ത്,  കോസാവോ, ബ്രസീൽ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, കെനിയ, തുടങ്ങി വിവിധ രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഈ പദ്ധതി വഴി സഹായം  എത്തുന്നത്. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഈ പദ്ധതി വിജയിപ്പിക്കുന്നതിന് വലിയ പിന്തുണയാണ് നൽകുന്നത്. 2020ൽ ഒരുകോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്തുകൊണ്ട് ആരംഭിച്ച ഈ ക്യാമ്പയിൻ 2021ൽ പത്തു കോടിയും, 2022 മുതൽ നൂറുകോടിയും ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന മഹത്തായ ഒപദ്ധതിയായി മാറി.  ലോകത്ത് പട്ടിണി തുടച്ചുനീക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രചോദനമാകുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്ന് അധികാരികൾ അറിയിച്ചു.   Read on deshabhimani.com

Related News