ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ മെയ് 5 , 6 തിയതികളിൽ



മസ്‌ക്കറ്റ് > ഒമാനിലെ പ്രവാസി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന  കലാ-സാംസ്കാരിക സംഗമം  “ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ” ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം  വീണ്ടും എത്തുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, പ്രാരംഭസമയത്ത്“കേരളോത്സവം”  എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ടിരുന്ന“ഇന്ത്യൻ  കമ്മ്യൂണിറ്റി ഫെസ്റ്റിവൽ” (Indian Community Festival), ഈ വരുന്ന മെയ് 5, 6 തീയതികളിൽ അൽ അമരാത്ത്പാർക്കിൽ  നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ ആരോഗ്യ വകുപ്പ് മന്ത്രി. കെ.കെ.ശൈലജ മുഖ്യാതിഥിയാകുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും, ഒമാനിൽ നിന്നുമുള്ള കലാ-സാംസ്‌കാരിക-സാമൂഹിക മണ്ഡലങ്ങളിലെ നിരവധി ആളുകൾ പങ്കെടുക്കും. ഇന്ത്യയുടെ വൈവിധ്യത്തെയും, കലാ സാംസ്കാരിക പാരമ്പര്യത്തെയും ഉൾകൊള്ളുന്ന ഈ സംഗമത്തിൽ ഇന്ത്യയിലെ വിവിധ കലാ രൂപങ്ങൾക്കൊപ്പം ഒമാനിലെ തനത് കലാരൂപങ്ങളും അരങ്ങേറും. പരിപാടിയുടെ നടത്തിപ്പിനായി . വിൽസൺ ജോർജ്  ചെയർമാനായി നാല്പതംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ചു ഒമാനിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്ര പ്രദർശന മത്സരവും ഉണ്ടായിരിക്കും. ഇന്ത്യൻ സ്കൂളുകൾക്ക് പുറമെ ഇന്റർനാഷണൽ സ്കൂളുകളും പങ്കെടുക്കുന്ന ശാസ്ത്ര പ്രദർശന മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്.  രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കും. ഏകദേശം അമ്പതിനായിരത്തിനും, അറുപത്തിനായിരത്തിനും ഇടയ്ക്കുള്ള ജനപങ്കാളിത്തമാണ് പരിപാടിയിൽ പ്രതീക്ഷിക്കപ്പെടുന്നത്. 2016 വരെ “കേരളോത്സവം” എന്ന പേരിൽ അരങ്ങേറിയിരുന്ന പരിപാടിയിൽ നാട്ടിലെ ഉത്സവാന്തരീക്ഷത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. പ്രശസ്ത ഇന്ത്യൻഅഭിനേത്രിയുംസാമൂഹികപ്രവർത്തകയുമായ ഷബാനാ  ആസ്മി,  സുനിത കൃഷ്ണൻ, മേള കുലപതി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, പെരുവനം കുട്ടൻമാരാർ, ക്യാൻസർ രോഗവിദഗ്‌ദൻ ഡോക്ടർ വി.പി. ഗംഗാധരൻ,  ചലച്ചിത്ര സംവിധായകരായ രഞ്ജിത്ത്, കമൽ എന്നിവരൊക്കെ  മുൻ കാലങ്ങളിൽ മുഖ്യാതിഥികളായി എത്തിയിരുന്നു. കേരളാ വിഭാഗം കൺവീനർ സന്തോഷ് കുമാർ, വിൽസൺ ജോർജ്, അഡ്വക്കേറ്റ് ഗിരീഷ്, കെ.ബാലകൃഷ്‌ണൻ, അംബുജാക്ഷൻ, കെ.വി.വിജയൻ എന്നിവരോടൊപ്പം മറ്റ് സംഘാടക സമിതി അംഗങ്ങളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News