വാഹനത്തിൽ മരണമടഞ്ഞ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു



റിയാദ്> വാഹനത്തിനുള്ളിൽ മരണമടഞ്ഞ നിലയിൽ കാണപ്പെട്ട തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട് കടക്കൽ സ്വദേശി ബാഹുലേയൻ സുകുമാരന്റെ (59) മൃതദേഹം കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ച് സംസ്കരിച്ചു. 28 വർഷമായി റിയാദിലെ ന്യൂ സനയ്യയിൽ അബൂഹൈദ് ട്രാൻസ്പോർട്ട് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ബാഹുലേയനെ ബന്ധപ്പെടാൻ കൂട്ടുകാർ ശ്രമിച്ച് കിട്ടാതായതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് അദ്ദേഹം ഓടിക്കുന്ന വാഹനത്തിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ദൂരയാത്രയ്ക്ക് ശേഷം വാഹനത്തിൽ വിശ്രമിക്കുകയായിരുന്ന ബാഹുലേയൻ ഹൃദയാഘാതം മൂലം മരണമടഞ്ഞതായാണ് കരുതപ്പെടുന്നത്. ആഗസ്റ്റ് 5ന് മരണമടഞ്ഞ ബാഹുലേയന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ കമ്പനിയുടെ ഭാഗത്തുനിന്നുമുണ്ടായ നിസ്സഹകരണത്തെ തുടർന്ന് ബന്ധുക്കൾ വിഷയം മുഖ്യമന്ത്രി മുഖാന്തരം നോർക്കയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. നോർക്ക ആവശ്യപ്പെട്ടതു പ്രകാരം, കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരും ബാഹുലേയന്റെ ബന്ധുവായ പ്രജു, നാട്ടുകാരനായ ഷാഫി എന്നിവരും ചേർന്ന് ഇന്ത്യൻ എംബസിയെ സമീപിച്ച് സമ്മർദ്ദം ചെലുത്തിയതിനു ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ കമ്പനി തയ്യാറായത്. ശമ്പള കുടിശ്ശികയല്ലാതെ 28 വർഷം ജോലിചെയ്തതിന്റെ മറ്റ് ആനുകൂല്യങ്ങൾ ബാഹുലേയന് നൽകുവാൻ അദ്ദേഹത്തിന്റെ കമ്പനി അധികൃതർ തയ്യാറായിട്ടില്ല. പ്രവാസജീവിതം മതിയാക്കി നാട്ടിൽ പോകാൻ തയ്യാറായി നിൽക്കുമ്പോഴാണ് ബാഹുലേയന്റെ മരണം സംഭവിച്ചത്. ഭാര്യ മിഷ, മക്കൾ അക്ഷിത, അഷ്ടമി.   Read on deshabhimani.com

Related News