വാക്‌സിനേഷൻ പൂര്‍ത്തിയാക്കാത്തവര്‍ക്ക് സൗദിയില്‍ ഗാര്‍ഹിക സമ്പര്‍ക്ക വിലക്ക്



മനാമ > അംഗീകൃത കോവിഡ് വാക്‌സിന്‍ ഒരു ഡോസ് മാത്രം എടുത്ത യാത്രക്കാര്‍ക്ക് സൗദിയില്‍ ഗാര്‍ഹിക ക്വാറന്റൈൻ നിര്‍ബന്ധമാക്കി. ഇവര്‍ സൗദിയിലെത്തിയാല്‍ 48 മണിക്കൂറിനകം കോവിഡ് പരിശോധന നടത്തണം. നെഗറ്റീവ് റിസല്‍ട്ട് ലഭിക്കുന്നതോടെ സമ്പര്‍ക്ക വിലക്ക്‌ അവസാനിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എട്ടു വയസിനു താഴെയുള്ളവരെ കോവിഡ് പരിശോധനയില്‍ നിന്ന് ഒഴിവാക്കി. സൗദിയില്‍ എത്തി 48 മണിക്കൂര്‍ കഴിഞ്ഞാല്‍ ഇവരുടെ ഗാര്‍ഹിക സമ്പര്‍ക്ക വിലക്ക് അവസാനിക്കും. ഓക്‌സ്‌ഫ‌ഡ് ആ‌സ്‌ട്രാസെനെക്ക, ഫൈസര്‍ ബയോന്‍ടെക്, മോഡേണ എന്നിവയുടെ രണ്ട് ഡോസുകളും ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസിനുമാണ് സൗദിയില്‍ അംഗീകാരമുള്ളത്. ഇവയില്‍ ഏതെങ്കിലും ഒരു വാക്‌സിന്റെ ഡോസ് പൂര്‍ത്തീകരിക്കാത്തവര്‍ക്കാണ് പുതിയ നിബന്ധന ബാധകം. അതേസമയം, സൗദി അംഗീകരിച്ച വാക്‌സിനുകള്‍ എടുക്കാതെ എത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അഞ്ച് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈൻ നിര്‍ബന്ധമാണ്. ക്വാറന്റൈൻ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴയോ രണ്ട് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ലഭിക്കും. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ശിക്ഷയും ഇരട്ടിയാകും. വിദേശികൾക്ക്‌ പിഴയോ ശിക്ഷയോ നടപ്പാക്കിയ ശേഷം രാജ്യത്തുനിന്ന് നാടുകടത്തും. ഇവര്‍ക്ക് വീണ്ടും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ല.   Read on deshabhimani.com

Related News