യുഎഇയില്‍ പുതിയ ഫെഡറല്‍ വ്യക്തി നിയമം പ്രാബല്യത്തില്‍



മനാമ > പ്രവാസികള്‍ക്കായി യുഎഇയില്‍ പുതിയ ഫെഡറല്‍ വ്യക്തി നിയമം പ്രാബല്യത്തില്‍ വന്നു. വിവാഹം, കുട്ടികളുടെ സംരക്ഷണം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ സുപ്രധാന കുടുംബകാര്യങ്ങളിലെ തീര്‍പ്പുകള്‍ നിയമത്തിന്റെ പരിധിയില്‍ വരും. മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്കും മുസ്ലീം ഇതര സമൂഹത്തിനും ഏറെ പ്രയോജനകരമായിരിക്കും പുതിയ നിയമം. അവകാശങ്ങളിലും കടമകളിലും തല്യത നല്‍കുന്ന നിയമം സ്ത്രീ - പുരുഷ സമത്വം ഉയര്‍ത്തിപിടിക്കുന്നു. ആസ്‌തി പങ്കുവെക്കല്‍, വിവാഹമോചനം, സാക്ഷിമൊഴി നല്‍കല്‍ തുടങ്ങിയവയില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം ആയിരിക്കും. രാജ്യത്തെ ഇസ്ലാമിക നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ തന്നെ വിവാഹ മോചനം സാധ്യമാകും. ഇതനുസരിച്ച് ദമ്പതികളില്‍ ഒരാള്‍ ആവശ്യപ്പെട്ടാല്‍ കോടതിക്ക് ആദ്യ സിറ്റിങ്ങില്‍ തന്നെ വിവാഹ മോചനം അനുവദിക്കാം. കാരണം വ്യക്തമാക്കുകയോ, പരാതി നല്‍കുകയോ വേണ്ട. വിവാഹ മോചനത്തിന് മധ്യസ്ഥത വേണമെന്ന നിബന്ധനയും ഒഴിവാക്കി. വിവാഹമോചനത്തിന് ഫയല്‍ ചെയ്യാനും സാക്ഷി മൊഴി നല്‍കാനും സ്ത്രീകള്‍ക്ക് അവകാശമുണ്ട്. ഭര്‍ത്താവില്‍ നിന്ന് ജീവനാംശം നേടാന്‍ ഭാര്യക്ക് അവകാശമുണ്ടാകും. 18 വയസ്സുവരെ കുട്ടിയുടെ മേല്‍ മാതാവിനും പിതാവിനും തുല്യ അവകാശമായിരിക്കും. വിവാഹത്തിന് വധുവിന്റെ പിതാവില്‍ നിന്നോ രക്ഷിതാവില്‍ നിന്നോ സമ്മതം വാങ്ങണമെന്ന നിബന്ധനയും ഒഴിവാക്കി. നേരത്തെ അബുദബി എമിറേറ്റില്‍ നടപ്പാക്കിയ നിയമമാണ് ഭേദഗതികളോടെ യുഎഇയില്‍ നടപ്പാക്കുന്നത്. രാജ്യം അംഗീകരിക്കുന്ന ഏത് നിയമം അനുസരിച്ചും രാജ്യത്ത് കഴിയുന്നവര്‍ക്ക് വ്യക്തി, കുടുംബകാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകും. മാതൃരാജ്യത്തെ നിയമമനുസരിച്ചും ഇക്കാര്യങ്ങളില്‍ തീര്‍പ്പിലെത്താന്‍ യുഎഇ അനുവാദം നല്‍കിയിട്ടുണ്ട്. ഇതിന് താല്‍പ്പര്യമില്ലാത്തവര്‍ക്കായാണ് പുതിയ നിയമം. Read on deshabhimani.com

Related News