കോവിഡ് പ്രതിരോധം: എംബസി ഇടപെടലുകൾക്ക് നവോദയ പിന്തുണയേകും



ദമ്മാം > കോവിഡ് -19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ എംബസി നടത്തുന്ന പ്രതിരോധ-ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്നു നവോദയ കിഴക്കൻ പ്രവിശ്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. കോവിഡ് ബാധിതരിൽ ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടുന്ന സാഹചര്യത്തിലാണ് കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളുടെയിടയിൽ ഏറ്റവും വേരോട്ടമുള്ള സംഘടന എന്ന നിലയിൽ തങ്ങളുടെ പിന്തുണ  ഉറപ്പാക്കിയത്. സൗദി ആരോഗ്യവകുപ്പിന്റെയും , പ്രാദേശിക ഭരണകൂടങ്ങളുടെയും നിർദേശങ്ങൾക്കനുസരിച്ചു ദമ്മാം , കോബാർ  ജുബൈൽ ,അൽഹസ്സ എന്നീ മേഖലകളിലെ  കമ്പനി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും സ്വകാര്യ താമസ സ്ഥലങ്ങളിലും നിരീക്ഷണ കേന്ദ്രങ്ങൾ ഒരുക്കുന്നതിനും, നിരീക്ഷണത്തിൽ കഴിയുന്നവർക്ക്   ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും  സംഘടന സന്നദ്ധമാണെന്ന് ഭാരവാഹികൾ ഇന്ത്യൻ എംബസിയെ രേഖാമൂലം  അറിയിച്ചു. കൂടാതെ രോഗികളും , പ്രായക്കൂടുതലുള്ളവരുമായ പ്രവാസികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കണമെന്നും, തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്നവരെയും , വിവിധങ്ങളായ തൊഴിൽപ്രശ്നങ്ങളിൽ പെട്ടവരെയും , എത്രയും വേഗം നാട്ടിലെത്തിക്കാൻ വഴിയൊരുക്കണമെന്നും നവോദയ ഇന്ത്യൻ അംബാസ്സഡർക്കയച്ച കത്തിൽ ആവശ്യമുന്നയിച്ചു. അന്താരാഷ്‌ട്ര വിമാന സർവീസുകൾ നിർത്തലാക്കിയതിനെ തുടർന്ന് സൗദി അറേബിയയിലെ വിവിധ മോർച്ചറികളിൽ കെട്ടിക്കിടക്കുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനു കാർഗോ വിമാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും നവോദയ ആവശ്യപ്പെട്ടു.നവോദയ നിർദേശങ്ങൾ പരിഗണനയിലുള്ളതായും,  ഇന്ത്യാഗവണ്മെന്റ് കൈക്കൊള്ളുന്ന തുടർനടപടികൾക്കനുസരിച്ചു ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമെന്നും എംബസി പ്രതിനിധി രഞ്ജൻ ദീപ് ഗംഭീർ നവോദയ ഭാരവാഹികളെ അറിയിച്ചു Read on deshabhimani.com

Related News