ദുബായ് ചാപ്റ്ററിന്റെ ആദ്യ 'കുട്ടി മലയാളം' ക്ലബ്, ദുബായ് ക്രെസെന്റ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിൽ



ദുബായ് > പ്രവാസി മലയാളികൾക്കിടയിലേക്ക് മാതൃഭാഷ അതിശക്തമായി തിരിച്ചുവരാൻ മലയാളം മിഷൻ കാരണമാകുന്നുവെന്ന് മലയാളം മിഷൻ രെജിസ്ട്രാറും പ്രശസ്ത കവിയും അധ്യാപകനുമായ വിനോദ് വൈശാഖി. മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ ആദ്യ 'കുട്ടി മലയാളം' ക്ലബ്, ദുബായ് ക്രെസെന്റ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിൽ ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023 മെയ് 26 വെള്ളിയാഴ്ച രാവിലെ 9.00 മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ക്രെസെന്റ് ഇംഗ്ലീഷ് ഹൈസ്‌കൂൾ ഡയറക്ടർ ഡോ. സലിം ജമാലുദ്ധീൻ, പ്രിൻസിപ്പൽ ഡോ. ഷറഫുദ്ധീൻ താനിക്കാട്ട്, ലോക കേരളസഭാ ക്ഷണിതാവ് രാജൻ മാഹി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.  സ്റ്റുഡന്റ്‌ കോർഡിനേറ്റർ ക്രിസ്റ്റി ബോബിയ്ക്ക് കണിക്കൊന്ന പാഠപുസ്തകം കൈമാറിക്കൊണ്ടാണ് വിദ്യാർത്ഥികളെ മലയാള പരിചയത്തിന്റെ പുതിയ പാതയിലേക്ക് രജിസ്ട്രാർ ആനയിച്ചത്. ദേവ നാരായണൻ ആലപിച്ച കവിത, വിദ്യാർഥികൾ അവതരിപ്പിച്ച കേരള നടനം എന്നിവ പരിപാടിയ്ക്ക് മാറ്റുകൂട്ടി. മലയാളം മിഷൻ ആഗോള തലത്തിൽ നടപ്പാക്കിവരുന്ന പുതിയ പദ്ധതികളിൽ ഒന്നായ 'കുട്ടി മലയാളം', പ്രവാസി ഇന്ത്യൻ സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള ഭാഷാ പ്രവർത്തനങ്ങളാണ് ലക്‌ഷ്യം വയ്ക്കുന്നത്. നിലവിൽ, വിവിധ പ്രവാസി മലയാളി കൂട്ടായ്മകളും സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചു വരുന്ന മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്കു കൂടി ഭാഷാ പഠനത്തിനുള്ള  അവസരമൊരുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഈ അധ്യയന വർഷത്തിൽ തന്നെ ദുബായിലെ കൂടുതൽ സ്‌കൂളുകളിലേക്ക് 'കുട്ടി മലയാളം' ക്ലബുകൾ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് ചാപ്റ്റർ ഭാരവാഹികൾ വ്യക്തമാക്കി. ദുബായ് ചാപ്റ്റർ സെക്രട്ടറി  പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞാരംഭിച്ച പരിപാടിയിൽ ചാപ്റ്റർ പ്രസിഡന്റ് സോണിയ ഷിനോയ് പുൽപ്പാട്ട് അധ്യക്ഷയായി. മലയാളം മിഷൻ ഭാഷാധ്യാപകൻ. ടി. സതീഷ് കുമാർ, ചാപ്റ്റർ ചെയർമാൻ  ദിലീപ് സി എൻ എൻ, കൺവീനർ ഫിറോസിയ ദിലിഫ്‌റഹ്മാൻ, ക്രെസന്റ് സ്‌കൂൾ ഹെഡ് ഓഫ് പാസ്റ്ററൽ കെയർ- സിന്ധു കോറാട്ട്, എന്നിവർ  സംസാരിച്ചു.  ടീച്ചർ കോർഡിനേറ്റർ ജിജോ തോമസ് നന്ദി അറിയിച്ചു.   Read on deshabhimani.com

Related News