മലയാളം മിഷൻ ദമ്മാംമേഖല മലയാളി സംഗമം



അൽ ഹസ്സ > മലയാളം മിഷൻ ദമ്മാംമേഖല “മലയാളി സംഗമം” സംഘടിപ്പിച്ചു. വർണ്ണാഭമായ ഘോഷയാത്രയോടു കൂടി ആരംഭിച്ച  കലാപരിപാടികളിൽ കിഴക്കൻ പ്രവിശ്യയിലെ 17 പഠന കേന്ദ്രങ്ങളിൽ നിന്നായി അൽഹസ്സ, ജുബൈൽ, കോബാർ, ദമ്മാം മേഖലകളിൽ നിന്നും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. 'മലയാളി സംഗമം' സംഘാടകസമിതി  ചെയർമാൻ കൃഷ്ണൻ കൊയിലാണ്ടി അധ്യക്ഷനായി.  ലോക കേരളസഭാംഗവും എഴുത്തുകാരിയുമായ സോഫിയ ഷാജഹാൻ ഉദ്ഘാടനം ചെയ്തു.  ലോക കേരളസഭ അംഗവും സൗദി ചാപ്റ്റർ വിദഗ്ധസമിതി അംഗവുമായ നന്ദിനി മോഹൻ ചടങ്ങിൽ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വാരോട്, മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസിഡണ്ട് എംഎം നയിം,  മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്സൺ  ഷാഹിദ ഷാനവാസ്, ഇസ്ലാമിക് സെന്റർ മലയാളം വിഭാഗം മേധാവി നാസർ മദനി, മോഡേൺ ഇന്റർനാഷണൽ സ്കൂൾ മലയാളം അധ്യാപകൻ ബിജു സക്കറിയ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. മൂന്നാം ലോകകേരള സഭയോട് അനുബന്ധിച്ച് മലയാളം മിഷൻ പ്രവാസി മലയാളി വിദ്യാർത്ഥികൾക്കായി ആഗോളതലത്തിൽ സംഘടിപ്പിച്ച സാഹിത്യമത്സരത്തിൽ സൗദി അറേബ്യയിൽ നിന്ന് ജൂനിയർ വിഭാഗം വിജയിയായ ഗൗതം മോഹന് മലയാളം മിഷൻ ദമ്മാംമേഖല പ്രസിഡണ്ട് സൗമ്യബാബുവും, സീനിയർ വിഭാഗം വിജയിയായ ഫ്രീസിയ ഹബീബിന് മലയാളം മിഷൻ ദമ്മാംമേഖല ആക്ടിങ്ങ് സെക്രട്ടറി ബിന്ദു ശ്രീകുമാറും  ദമ്മാം മലയാളം മിഷന്റെ മൊമന്റൊ നൽകി അനുമോദിച്ചു.  വിദ്യാർത്ഥികൾ മോഹിനിയാട്ടം, മാർഗംകളി, കളരിപ്പയറ്റ്, ഒപ്പന,സംഘനൃത്തം, സംഘഗാനം തുടങ്ങിയവയും അധ്യാപകരും, പ്രവർത്തകരും തിരുവാതിര, കോൽക്കളി,ചെണ്ടമേളം തുടങ്ങിയവയും അവതരിപ്പിച്ചു. കവിതയുടെ നൃത്താവിഷ്കാരം, കവിതാലാപനം, പ്രസംഗം, നാടോടി നൃത്തം, നാടകം തുടങ്ങിയ പരിപാടികളും അരങ്ങേറി. 'മലയാളി സംഗമം' സംഘാടകസമിതി  കൺവീനർ ബാബു കെ പി സ്വാഗതവും സംഘാടക സമിതി അംഗം ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News