പുരസ്‌കാര നിറവില്‍ മലയാളം മിഷന്‍ അബുദാബി ചാപ്റ്റര്‍

പ്രഥമ ബോധി പുരസ്‌കാര ജേതാവ് പ്രീത നാരായണന്‍, സുഗതാഞ്ജലി പുരസ്‌കാര ജേതാവ് അനഘ സുജില്‍


അബുദാബി> ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷന്‍ നല്‍കുന്ന മലയാണ്മ 2023 - മാതൃഭാഷാ പുരസ്‌കാരങ്ങളില്‍ പ്രവാസലോകത്തെ മികച്ച മലയാളം മിഷന്‍ അധ്യാപികയ്‌ക്കുള്ള പ്രഥമ ബോധി പുരസ്‌കാരത്തിന് മലയാളം മിഷന്‍ അബുദാബി ചാപ്റ്ററിലെ അധ്യാപികയായ പ്രീത നാരായണനെ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തി പത്രം ആലേഖനം ചെയ്‌ത ഫലകവുമാണ് പുരസ്്കാരമായി നല്‍കുന്നത്.കെ. ജയകുമാര്‍ (ഡയറക്ടര്‍, ഐ.എം.ജി.), ഡോ. പി.കെ. രാജശേഖരന്‍ (ഗ്രന്ഥകാരന്‍, നിരൂപകന്‍), ഡോ. സി. രാമകൃഷ്‌ണന്‍ (അക്കാദമിക് വിദഗ്ധന്‍, വിദ്യാകിരണം), മുരുകന്‍ കാട്ടാക്കട (ഡയറക്‌ടര്‍, മലയാളം മിഷന്‍) എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.അറുപതോളം രാജ്യങ്ങളിലായി സൗജന്യമായി മാതൃഭാഷയുടെ മാധുര്യം നല്‍കിവരുന്ന ഇന്ത്യയ്‌ക്ക് പുറത്തുള്ള അയ്യായിരത്തോളം വരുന്ന മലയാളം മിഷന്‍ അധ്യാപകരില്‍ നിന്നാണ് പ്രീത നാരായണനെ മികച്ച അധ്യാപികയായി തെരഞ്ഞെടുത്തത്.അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെയും ശക്തി തിയറ്റേഴ്സിന്റെയും ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷദിന്റെയും സജീവ പ്രവര്‍ത്തകയായ പ്രീത നാരായണന്‍ മുസഫ ബെല്‍വെഡര്‍ ബ്രിട്ടീഷ് സ്‌കൂളിലെ സാമൂഹ്യ വിഭാഗം അധ്യാപികയാണ്. 2018 മുതല്‍ മലയാളം മിഷന്‍ അബുദാബിയില്‍ അധ്യാപകയായി തുടരുന്ന പ്രീത നിലവില്‍ സൂര്യകാന്തി അധ്യാപികയാണ്.മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് മലയാളം മിഷന്‍ ആഗോളതലത്തില്‍ സംഘടിപ്പിച്ച 'സുഗതാഞ്ജലി കാവ്യാലാപനമത്സര'ത്തില്‍ നിന്ന് മലയാളം മിഷന്‍ അബുദാബി വിദ്യാര്‍ത്ഥിനിയായ അനഘ സുജില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനത്തിനര്‍ഹയായി. മഹാകവി കുമാരനാശാന്റെ കവിതകളായിരുന്നു മത്സരത്തിന് പരിഗണിച്ചത്. ചാപ്റ്റര്‍ തല മത്സരം നടക്കവെ അബുദാബി ജെംസ് യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന അനഘ സുജില്‍ നിലവില്‍ തൃശ്ശൂര്‍ സാക്രെഡ് ഹാര്‍ട്ട് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ക്ലാസ്തല മത്സരം, മേഖല തല മത്സരം, ചാപ്റ്റര്‍ തല മത്സരം എന്നീ ഘട്ടങ്ങളിലൂടെയാണ് ആഗോള തല ഫൈനല്‍ മത്സരത്തില്‍ അനഘ എത്തിയത്. ഫൈനല്‍ മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് വിദ്യാര്‍ത്ഥികളില്‍ അബുദാബി ചാപ്റ്ററില്‍ നിന്നും ജൂനിയര്‍ വിഭാഗത്തില്‍ അഞ്ജലി വെത്തൂരും, സബ് ജൂനിയര്‍ വിഭാഗത്തില്‍ അനഘ സുജിലും തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് നടന്ന ഗ്രാന്‍ഡ് ഫിനാലെ മത്സരത്തിലൂടെയാണ് സബ്ജൂനിയര്‍ വിഭാഗത്തിന് അനഘ സുജില്‍ ഒന്നാം സമ്മാനാര്‍ഹയായത്. പ്രശസ്ത കവികളായ എഴാച്ചേരി രാമചന്ദ്രന്‍, അന്‍വര്‍ അലി, എഴുത്തുകാരിയും നിരൂപകയുമായ എസ്. ശാരദക്കുട്ടി എന്നിവരായിരുന്നു സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ വിധിനിര്‍ണയം നടത്തിയത്.പ്രീത നായരായണനുള്ള പ്രഥമ ബോധി പുരസ്‌കാരവും അജ്ഞലി വെത്തൂരിനുള്ള സുഗതാഞ്ജലി പുരസ്‌കാരവും കോവളം ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന മലയാണ്മയില്‍ വെച്ച് ചൊവ്വാഴ്ച സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ വിതരണം ചെയ്യും.   Read on deshabhimani.com

Related News