ലോക കേരള സഭ മേഖലാ സമ്മേളനം; നാലു വിഷയങ്ങളിൽ വിശദമായ ചർച്ചകൾ



ന്യൂയോർക്ക്‌ > ജൂൺ 9 10, 11 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭാ മേഖലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം കേരളത്തെ സംബന്ധിച്ചും പ്രവാസികളെ സംബന്ധിച്ചുമുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും. സഭ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമായി. നോർക്കാ റസിഡൻറ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ അവതരിപ്പിക്കുന്ന "അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ, വിപുലികരണ സാദ്ധ്യതകളും വെല്ലുവിളികളും” എന്ന വിഷയം സഭ ചർച്ച ചെയ്യും. പ്രതിനിധികൾ ഈ വിഷയത്തിൽ സംസാരിക്കുകയും അവരുടെ കാഴ്‌ചപ്പാടും നിർദേശങ്ങളും വിശദീകരിക്കുകയും ചെയ്യും. പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞനും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. കെ എം എബ്രഹാം "നവ കേരളം എങ്ങോട്ട് - അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും" എന്ന വിഷയം അവതരിപ്പിക്കും. " മലയാള ഭാഷ - സംസ്‌കാരം - പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്‌കാരിക പ്രചരണ സാധ്യതകളും" എന്ന വിഷയം അവതരിപ്പിക്കുന്നത് ലോക കേരള സഭാ സെക്രട്ടറിയും കേരളാ ചീഫ് സെക്രട്ടറിയുമായ വി പി ജോയി ആണ്. ലോക കേരള സഭാ ഡയറക്‌ടർ ഡോ. കെ വാസുകിയാണ്‌ "മലയാളികളുടെ അമേരിക്കൻ കുടിയേറ്റം - ഭാവിയും വെല്ലുവിളികളും" എന്ന വിഷയം സഭയുടെ ചർച്ചയിലേക്ക് അവതരിപ്പിക്കുന്നത്. ചർച്ചകൾക്ക് ശേഷം ലോക കേരള സഭാ ചെയർമാനും മുഖ്യമന്ത്രിയുമായ  പിണറായി വിജയൻ മറുപടി പ്രസംഗം നടത്തും. അമേരിക്കൻ മലയാളിയെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും ഗുണപരമായ ചർച്ചകളും തീരുമാനങ്ങളുമാണ് ഉണ്ടാവുകയെന്നാണ്‌ പ്രതീക്ഷയെന്ന്‌ സംഘാടക സമിതി പ്രതീക്ഷിച്ചു. Read on deshabhimani.com

Related News