ലോക കേരള സഭ പ്രചരണവും യാഥാര്‍ഥ്യവും: ഓപ്പണ്‍ ഫോറം

ഫോട്ടോ : റിയാദ് മീഡിയ ഫോറം ചെയര്‍മാന്‍ ഷംനാദ് കരുനാഗപ്പള്ളി ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യുന്നു


റിയാദ്> കേളി കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ലോക കേരള സഭ പ്രചരണവും യാഥാര്‍ഥ്യവും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം റിയാദ് മീഡിയ ഫോറം ചെയര്‍മാന്‍ ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്കുള്ള രാജ്യാന്തര സര്‍വീസ് പുനഃരാരംഭിക്കാന്‍ ലോക കേരളസഭ അടിയന്തര ഇടപെടല്‍ നടത്തണമെന്നും, പ്രവാസലോകത്തെ മാധ്യമം എന്ന നിലയില്‍ പ്രവാസി വിഷയത്തില്‍ റിയാദിലെ മാധ്യങ്ങള്‍ ആത്മാര്‍ത്ഥ പിന്തുണ നല്‍കുന്നുണ്ടെന്നും ഷംനാദ് കരുനാഗപ്പള്ളി അഭിപ്രായപെട്ടു. കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി ടി.ആര്‍.സുബ്രഹ്‌മണ്യന്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. പരിപാടിയില്‍ പങ്കെടുത്ത നിരവധി പേര്‍ തങ്ങളുടെ സംശയങ്ങളും കേരള സഭയെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും പങ്കുവെച്ചു. പ്രവാസികള്‍ക്കായി രാജ്യത്ത് ആദ്യമായി തന്നെ ഒരു വേദി ഒരുക്കിയത് ഇടതുപക്ഷ സര്‍ക്കാര്‍ ആയതിനാലാണോ ഈ സഭയെ ഇകഴ്ത്തികാണിക്കാന്‍ ശ്രമിക്കുന്നതെന്നും, ലോക കേരള സഭയോട്  കേരളത്തിലെ പ്രതിപക്ഷം കാണിക്കുന്ന നിഷേധാത്മക നിലപാട് പ്രവാസികളോടുള്ള വെല്ലുവിളിയാണെന്നും, സഭയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ അതിനുള്ള പരിഹാര മാര്‍ഗങ്ങളും ഉന്നയിച്ചുകൊണ്ട് പ്രവാസികള്‍ക്ക് കിട്ടിയ ഈ അംഗീകാരത്തെ പ്രയോജനപ്പെടുത്തി പ്രവാസികളുടെ പ്രശ്‌നപരിഹാരത്തിന്  മുതല്‍കൂട്ടായി മാറണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.  ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ക്ക് ലോക കേരള സഭ അംഗം കെപിഎം സാദിഖ് മറുപടി പറഞ്ഞു. ചടങ്ങിന് കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം നന്ദി പറഞ്ഞു.   Read on deshabhimani.com

Related News