കുവൈത്തിലെ ഏറ്റവും വലിയ തൊഴിൽ ശക്തി ഇന്ത്യക്കാരെന്ന് കണക്കുകൾ



കുവൈത്ത് സിറ്റി > കുവൈത്തിലെ ഏറ്റവും വലിയ തൊഴിൽ ശക്തി ഇന്ത്യക്കാരാണെന്നു കണക്കുകൾ. രാജ്യത്തെ ആകെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 9,65,774 ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആറര ലക്ഷം ജനസംഖ്യയുള്ള ഈജിപ്‌ത് സ്വദേശികളാണ് രാജ്യത്തുള്ള രണ്ടാമത്തെ പ്രവാസി തൊഴിൽ ശക്തി. രണ്ടു ലക്ഷത്തി എഴുപത്തി ഏഴായിരം വരുന്ന ഫിലിപ്പൈൻസ് സ്വദേശികളും, തൊട്ടുപിന്നിലായി രണ്ടര ലക്ഷം ജന സംഖ്യയുള്ള ബം​ഗ്ലാദേശ് പൗരന്മാരുമാണ് കുവൈറ്റിൽ ഉള്ളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊറോണ വ്യാപനം നിയന്ത്രണ വിധേയമായതിനു ശേഷം 2022 ന്റെ ആദ്യ പാദത്തിൽ, രാജ്യത്തെ തൊഴിൽ വിപണിയിലേക്ക് അറുപത്തി ഏഴായിരം പുതിയ തൊഴിലാളികൾ വന്നു ചേർന്നതായും, ഇതിൽ തന്നെ അറുപത് ശതമാനം പേരും ഗാർഹിക മേഖലയിലേക്കാണെന്നും സ്ഥിതി വിവര കണക്കുകളിൽ നിന്നും വ്യക്തമാണ്. അതെ സമയം, തൊഴിൽ, താമസ നിയമ ലംഘനങ്ങളെ തുടർന്ന് നാട് കടത്തപ്പെട്ടവരുൾപ്പെടെ കുവൈറ്റിൽ നിന്നും കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ പതിനൊന്നര ലക്ഷത്തോളം പ്രവാസികളുടെ താമസ രേഖ റദ്ദ്  ചെയ്യപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിൽ വലിയ വിഭാഗം പ്രവാസികളും സ്വയമേവ താമസരേഖ റദ്ദ് ചെയ്‌ത് പോയവരുമാണ്. Read on deshabhimani.com

Related News