മദ്യം കടത്തുന്നതിനിടെ പിടിയിലായ മലയാളിക്ക് സൗദിയില്‍ 11 കോടി രൂപ പിഴ



മനാമ> ട്രെയിലറില്‍ മദ്യം കടത്തുന്നതിനിടെ പിടിയിലായ മലയാളിക്ക് 52,65,180 സൗദി റിയാല്‍ (ഏതാണ്ട് 11 കോടിയോളം രൂപ) പിഴയും നാടുകടത്തലും ശിക്ഷ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറാണ് (26) ബഹ്‌റൈനില്‍ നിന്ന് സൗദിയിലേക്ക് മദ്യം കടത്തിയ കേസില്‍ ദമാം ക്രിമില്‍ കോടതി കനത്ത പിഴക്ക് ശിക്ഷിച്ചത്. മൂന്ന് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. കിംഗ് ഫഹദ് കോസ്‌വേയില്‍ കസ്റ്റംസ് പരിശോധനക്കിടെ പിടിയിലാകുകയായിരുന്നു. നാലായിരത്തോളം മദ്യകുപ്പികളാണ് ഇയാളുടെ ട്രെയിലറില്‍ നിന്ന് പിടിച്ചത്. ട്രെയിലറില്‍ മദ്യക്കുപ്പികളായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നെന്ന് യുവാവ് കോടതിയില്‍ വാദിച്ചെങ്കിലും തെളിവുകള്‍ എതിരായി. അപ്പീല്‍കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കോടതി ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്. നാലു വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു യുവാവ്. പിഴയടച്ചാല്‍ കരിമ്പട്ടികയല്‍ പെടുത്തി നാടുകടത്തും. പിടികൂടിയ മദ്യത്തിന്റെ വിലക്കനുസരിച്ചാണ് പിഴ. പിഴ അടച്ചില്ലെങ്കില്‍ പിഴക്ക് തുല്യമായ കാലയളവില്‍ ജയിലില്‍ കഴിയേണ്ടി വരും. പിന്നീട് തിരിച്ചുവരാനാകില്ല.ഇത്തരം കേസില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ പിഴ ശിക്ഷയാണിത്. Read on deshabhimani.com

Related News