അബുദാബിയിൽ കേരളോത്സവത്തിന് ഇന്ന് തുടക്കം

കേരളോത്സവത്തിന്റെ ഭാഗമായി കേരള സോഷ്യൽ സെന്റർ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ നിന്ന്


അബുദാബി> അബുദാബി കേരള സോഷ്യല്‍ സെന്റര്‍ കേരളോത്സവത്തിന് ഇന്ന് (വെള്ളിയാഴ്ച) കൊടി ഉയരും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന കേരളോത്സവം പ്രവാസികളുടെ കലാസാംസ്‌കാരിക ആഘോഷമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെഎസ്‌സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗൃഹാതുരത്വം വിളിച്ചോതുന്ന, കേരള തനിമയുള്ള ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന നാടന്‍ തട്ടുകടകള്‍, വിനോദ സ്റ്റാളുകൾ, പ്രശസ്തരായ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന നൃത്ത സംഗീത പരിപാടികള്‍, വനിതകള്‍ ഉള്‍പ്പെടുന്ന ചെണ്ട മേളം, കുട്ടികള്‍ക്കായി അണിയിച്ചൊരുക്കിയ വിവിധങ്ങളായ കളികള്‍, സയന്‍സ് കോര്‍ണര്‍, പുസ്തക മേള, മറ്റു വാണിജ്യ സ്റ്റാളുകള്‍ എന്നിവയാണ് കേരളോത്സവത്തിന്റെ പ്രധാന ആകര്‍ഷണം.സ്വദേശികളും വിദേശികളുമായ പതിനായിരത്തിലേറെപേര്‍ കേരളോത്സവത്തിന് എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടുന്നത്. സമാപന ദിവസം പ്രശസ്ത ജനപ്രിയ ഗായകൻ അതുൽ നറുകര പങ്കെടുക്കുന്ന ഗാനമേളയും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.കേരളോത്സവത്തിലേക്കുള്ള പ്രവേശന കൂപ്പണില്‍ സമാപനദിവസമായ ജനുവരി 1 നു നടക്കുന്ന നറുക്കെടുപ്പിലെ ആദ്യവിജയിക്ക് 160 ഗ്രാം സ്വര്‍ണ്ണം സമ്മാനമായി ലഭിക്കും. കൂടാതെ 100 പേര്‍ക്ക് വിലപിടിപ്പുള്ള മറ്റു സമ്മാനങ്ങളുമുണ്ടായിരിക്കും.പ്രവാസ ലോകത്ത് കലാ സാംസ്കാരിക സാമൂഹ്യ ജീവകാര്യണ്യ പ്രവർത്തനമേഖലയിൽ നിറസാന്നിധ്യമായ കേരള സോഷ്യല്‍ സെന്ററിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷം കുടിയായ ഈ വര്‍ഷത്തെ കേരളോത്സവത്തിനു വലിയ പ്രാധാന്യമുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. കോവിഡ് സൃഷ്ടിച്ച രണ്ടു വർഷത്തെ പ്രതിസന്ധിക്ക് ശേഷമാണ് ഇങ്ങിനെയൊരു ജനകീയോത്സവം സംഘടിപ്പിക്കുന്നത്.പ്രസിഡന്റ് വി. പി. കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി ഷെറിൻ, ട്രഷറര്‍ നികേഷ്, കണ്‍വീനര്‍ അഡ്വ. അന്‍സാരി സൈനുദ്ധീൻ, വൈസ് പ്രസിഡന്റ് റോയ് ഐ വര്‍ഗ്ഗീസ്, അഹല്യ മെഡ്‌ സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.   Read on deshabhimani.com

Related News