സൗജന്യ പരിശോധന: ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹം-പ്രവാസി സംഘം



തിരുവനന്തപുരം > പ്രവാസികള്‍ക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമായി നടത്തുമെന്ന സംസ്ഥാന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി. പ്രവാസികളെ പലതരത്തിലും സഹായിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിവാദ്യം ചെയ്യുന്നുവെന്നും പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദും ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയും പ്രസ്താവനയില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരാണ് പ്രവാസികള്‍ സ്വന്തം നിലയില്‍ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഇത് പ്രവാസ ലോകത്ത് വലിയ പ്രതിഷേധമുയര്‍ത്തി. ഗള്‍ഫില്‍ ടെസ്റ്റ് നടത്തി നെഗറ്റീവായവരെ മാത്രമെ ഇപ്പോള്‍ വിമാന യാത്ര ചെയ്യാന്‍ അനുവദിക്കുന്നുള്ളു. വീണ്ടും ഇന്ത്യയിലിറങ്ങുമ്പോള്‍ സ്വന്തം നിലയില്‍ പണം മുടക്കി പരിശോധന നടത്തണമെന്ന് നിര്‍ദ്ദേശിച്ചത് നീതീകരിക്കത്തക്കതല്ലെന്ന് പ്രവാസി സംഘം ഉള്‍പ്പെടെ നിലപാട് സ്വീകരിച്ചു. പ്രവാസികളുടെ വിഷമതകള്‍ സംസ്ഥാന സര്‍ക്കാര്‍ മനസിലാക്കിയതില്‍ സന്തോഷമുണ്ടെന്നും പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അറിയിച്ചു.   Read on deshabhimani.com

Related News