പ്രവാസികളെ ചേർത്തു പിടിക്കുന്ന ബജറ്റ് : റിയാദ് കേളി



റിയാദ് > രാഷ്ട്ര സമ്പദ്ഘടനയുടെ പുരോഗതിക്ക് എന്നും മുതൽകൂട്ടായ പ്രവാസി സമൂഹത്തെ ചേർത്തു പിടിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ കേരള നിയമസഭയിൽ അവതരിപ്പിച്ചതെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2023 - 2024 ലെ കേന്ദ്ര ബജറ്റ് പ്രവാസികളേയും, രാജ്യത്തെ പാവപ്പെട്ടവരേയും, കേരളത്തെ പൂർണ്ണമായും അവഗണിക്കുന്നതായിരുന്നു. പ്രവാസികളോടുള്ള കേന്ദ്രസർക്കാരിന്‍റെ അവഗണന ഒരു തുടർക്കഥയായി മാറിയിരിക്കുന്ന കാലഘട്ടത്തിലാണ് രാജ്യ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ബദൽ ബജറ്റ് കേരളം മുന്നോട്ട് വെക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസി തൊഴിലാളികള്‍ക്ക് നോർക്ക വകുപ്പിലൂടെ ജന്മ നാട്ടിൽ ‘ഒരു വർഷം ഒരു ലക്ഷം തൊഴില്‍' അവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിക്ക് അഞ്ചു കോടി രൂപ, മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി,  പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന്ന് 25 കോടി, പുനരധിവാസത്തിനും നൈപുണ്യ വികസനത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും വിവിധ പദ്ധതികളില്‍ 85 കോടി രൂപ, കൂടാതെ കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് കുടുംബശ്രീ വഴി രണ്ടു ലക്ഷം രൂപ വരെയുള്ള പലിശ രഹിത വായ്പ, സാന്ത്വന പദ്ധതിക്ക് 33 കോടി രൂപ തുടങ്ങി പ്രവാസി സമൂഹത്തെ ചേർത്തു പിടിക്കുന്ന ഒട്ടനവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ലോക കേരളസഭയിലെ ചർച്ചകളിലൂടെ പ്രവാസികളുടെ ആവശ്യങ്ങളും, ആവലാതികളും സമൂഹത്തിന് മുന്നിലെത്തിക്കുന്നതോടൊപ്പം, ഭരണപരമായ തീരുമാനങ്ങളിലൂടെ ഇടതു സർക്കാർ പ്രവാസികളോടുള്ള തങ്ങളുടെ പ്രതിബദ്ധത നിറവേറ്റുകകൂടിയാണ് ചെയ്തിരിക്കുന്നത്. നവകേരള സൃഷ്ടിക്ക് പ്രവാസികൾ നൽകുന്ന അകമഴിഞ്ഞ പിന്തുണക്കുള്ള അംഗീകാരമാണ്  ബജറ്റിൽ പ്രവാസികളെ ചേർത്തു പിടിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളെന്ന് കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.   Read on deshabhimani.com

Related News