കുവൈറ്റ് കല ട്രസ്റ്റ് പുരസ്‌ക്കാരം അശോകന്‍ ചെരുവിലിന്



തിരുവന്തപുരം> കുവൈറ്റ് മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ  കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കുവൈറ്റ് കല ട്രസ്റ്റ് അനശ്വര കാഥികന്‍ സാംബശിവന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സാംബശിവന്‍ സ്മാരക പുരസ്‌കാരത്തിന്  സുപ്രസിദ്ധ ചെറുകഥാകാരനും, സാമൂഹ്യ പ്രവര്‍ത്തകനും, പുരോഗമന സാഹിത്യസംഘം ജനറല്‍ സെക്രട്ടറിയുമായ അശോകന്‍ ചെരുവില്‍   തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിന്റെ ഇഷ്ട കഥകളായ കല്‍പ്പണിക്കാരന്‍, പുളിനെല്ലി സ്റ്റേഷന്‍ തിരഞ്ഞെടുത്ത കഥകള്‍, കരപ്പന്‍, കഥയുടെ മറുകര, സൂര്യകാന്തികളുടെ നഗരം, ഒരു രാത്രിയുടെ ഒരു പകല്‍, മരിച്ചവരുടെ കടല്‍, കഥകളിലെ വീട്, എഴുത്തിന്റെ വെയിലും, ദൈവ വിശ്വാസത്തെ കുറിച്ച് ഒരു ലഘു ഉപന്യാസം തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളില്‍ ചുരുക്കം ചിലതാണ്. 50,000 രൂപയും പ്രശസ്തി  പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2022 ആഗസ്റ്റ് 21 ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് കൊല്ലം കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍  വെച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. കേരളത്തിലെ കലാ സാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനു വേണ്ടി 2000 മുതല്‍ കുവൈറ്റ് കല ട്രസ്റ്റ് തുടക്കമിട്ടതാണ് സാംബശിവന്റെ പേരിലുള്ള പുരസ്‌കാരം. ഒ.എന്‍.വി കുറുപ്പ്, പി. ഗോവിന്ദപിള്ള, പ്രഭാവര്‍മ്മ, കെടാമംഗലം സദാനന്ദന്‍, കെ.പി.എ.സി സുലോചന, നിലമ്പൂര്‍ ആയിഷ, കെ.പി മേദിനി, സാറാ ജോസഫ്, കെ.പി കുഞ്ഞുമുഹമ്മദ്, അനില്‍ നാഗേന്ദ്രന്‍, ശ്രീകുമാരന്‍ തമ്പി, പാലൊളി മുഹമ്മദ് കുട്ടി, എഴാച്ചേരി രാമചന്ദ്രന്‍,എം കെ സാനു ,മുരുഗന്‍ കാട്ടാക്കട  ഉള്‍പ്പെടെയുള്ള  നിരവധി പ്രമുഖര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ കല ട്രസ്റ്റ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളത്. പ്രസ്തുത ചടങ്ങില്‍ വെച്ച് കുവൈറ്റ് കല ട്രസ്റ്റ് എല്ലാ വര്‍ഷവും നല്‍കി വരുന്ന വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണവും നടക്കുന്നതായിരിക്കും. മലയാളം മീഡിയത്തില്‍ പഠിച്ച് ഉന്നത മാര്‍ക്കോടെ പത്താം തരത്തില്‍ വിജയികളാവുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കേരളത്തിലെ ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ കല ട്രസ്റ്റ് ചെയര്‍മാന്‍ എ.കെ ബാലന്‍, കല ട്രസ്റ്റ് സെക്രട്ടറി കെ സുദര്‍ശന്‍, കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ. സജി, എക്‌സിക്യുട്ടീവ് അംഗം ചന്ദ്രമോഹന്‍ പനങ്ങാട്, എന്നിവര്‍ പങ്കെടുത്തു.   Read on deshabhimani.com

Related News