പക്ഷാഘാതം വന്ന പട്ടാമ്പി സ്വദേശിയെ കേളി ഇടപെടലിൽ നാട്ടിലെത്തിച്ചു

ഭാസ്‌കരനെ നാട്ടിലേക്ക് യാത്രയാക്കുന്ന വേളയിൽ


റിയാദ്> പക്ഷാഘാതം വന്ന പാലക്കാട് പട്ടാമ്പി സ്വദേശി ഭാസ്‌കരൻ രാമൻനായരെ കേളി കലാസാംസ്‌കാരിക വേദിയുടേയും ഇന്ത്യൻ എംബസിയുടേയും ഇടപെടലിൽ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. കഴിഞ്ഞ 24 വർഷത്തോളമായി റിയാദിൽ അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്തു വരികയായിരുന്നു ഭാസ്കരൻ. സ്പോൺസർ ഹുറൂബ് ആക്കിയതിനാൽ കഴിഞ്ഞ രണ്ടു വർഷമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. എംബസിയുടെ സഹായത്തോടെ നാട്ടിൽ പോകുന്നതിനുള്ള രേഖകൾ ശരിയാക്കുന്നതിനിടയിലാണ് പക്ഷാഘാതം വന്നത്. തുടർന്ന് ശുമേസി കിംഗ്‌ ഖാലിദ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച് രണ്ടു മാസത്തോളം ചികിത്സ നടത്തിയെങ്കിലും കാര്യമായ മാറ്റം ഇല്ലാത്തതിനെ തുടർന്ന് നാട്ടിൽ നിന്നും ബന്ധുക്കൾ കേരള പ്രവാസി സംഘം മുഖേന കേളിയുമായി ബന്ധപ്പെടുകയായിരുന്നു. കേളിയുടെ ജീവകാരുണ്യ വിഭാഗം പ്രവർത്തകർ എംബസിയെ ബന്ധപ്പെടുകയും, അവരുടെ  സഹായത്തോടെ ഭാസ്കരന്റെ ഹുറൂബ് നീക്കി എക്സിറ്റ് വിസ അടിക്കാനുള്ള ശ്രമത്തിനിടെയാണ് മുൻപ് കുടുംബത്തെ സന്ദർശക വിസയിൽ കൊണ്ടു വന്ന്, സമയപരിധിക്കുള്ളിൽ തിരിച്ചയക്കുന്നതിൽ വീഴ്ച വരുത്തിയതിന്റെ ഭാഗമായി 11000 റിയാലിന്റെ പിഴയടക്കാനുണ്ടെന്നത് ശ്രദ്ധയിൽ പെട്ടത്. എംബസി ഉദ്യോഗസ്ഥരുടെ പരിശ്രമം മൂലം ഈ പിഴ തുകയും 2 വർഷത്തെ ഇക്കാമയുടെ തുകയും സൗദി അധികൃതർ ഒഴിവാക്കി നൽകുകയും തുടർന്ന് ആവശ്യമായ യാത്രാ രേഖകൾ ശരിയാക്കുകയും ചെയ്തു. സ്ട്രച്ചർ സംവിധാനത്തോടെ നാട്ടിലെത്തിക്കുന്നതിനുള്ള പൂർണ്ണമായ ചെലവും എംബസി വഹിച്ച്  ഭാസ്കരനെ നാട്ടിലെത്തിച്ചു. കേളിയുടെ അഭ്യർത്ഥന മാനിച്ച് കോഴിക്കോട് സ്വദേശി രാധാകൃഷ്ണൻ ഭാസ്കരന്റെ സുഖമമായ യാത്രയ്ക്ക് അദ്ദേഹത്തെ അനുഗമിച്ചു. ഭാസ്കരന്റെ സഹോദരങ്ങളും, കേരള പ്രവാസി സംഘം പട്ടാമ്പി ഏരിയ പ്രസിഡന്റും ചേർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ച് തുടർ ചികിത്സക്കായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.     Read on deshabhimani.com

Related News