പ്രവാസികളുടെ എംബാം ഫീസ് കേന്ദ്രസർക്കാർ വഹിക്കണം: കേളി സമ്മേളനം



റിയാദ് > വിദേശങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി എംബാം ചെയ്യുന്നതിന്നുള്ള തുക കേന്ദ്ര സർക്കാർ വഹിക്കണമെന്ന് കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എമിഗ്രിഷൻ ഇനത്തിലും എമ്പസ്സി സർവീസ് ചാർജ് ഇനത്തിലും കേന്ദ്ര സർക്കാർ പ്രവാസികളിൽ നിന്നും ഈടാക്കിയ ഭീമമായ തുക ഫണ്ടായി കെട്ടികിടക്കുകയാണ്. അതിനാൽ  പ്രവാസികൾക്കുണ്ടാകുന്ന ആകസ്മിക മരണത്തിൽ കൈത്താങ്ങാവാൻ കേന്ദ്ര സർക്കാർ തയ്യാറാവണം, ഇന്ത്യയേക്കാളും സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന പല രാജ്യങ്ങളും ഇത്തരം ചെലവുകൾ വഹിക്കുന്നുണ്ട് . തങ്ങളുടേതല്ലാത്ത കാരണങ്ങൾ പലപ്പോഴും താമസ രേഖകളിൽ വ്യക്തത വരുത്താനാകാതെ മരണത്തിനു കീഴടങ്ങി പോകേണ്ടി വരുന്ന ചുരുക്കം ചില പ്രവാസികളുടെ കാര്യത്തിൽ പോലും പലപ്പോഴും പൊതു പിരിവുകൾ എടുക്കേണ്ട അവസ്‌ഥ സംജാതമാവുന്നുണ്ട്.  ഇത്തരം അവസ്ഥകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായ ന്യൂ സനയ്യ ഏരിയ സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.  ഏരിയ അംഗമായിരുന്ന പി സി സുരേഷ് കുമാറിന്റെ നാമധേയത്തിലുള്ള നഗരിയിൽ നടന്ന സമ്മേളനത്തിൽ അബ്ദുൾ നാസർ താൽക്കാലിക അധ്യക്ഷനായി. ഏരിയ കമ്മറ്റി അംഗം തോമസ് ജോയ്  ആമുഖ പ്രഭാഷണം നടത്തി.  ഷമൽ രാജ് രക്തസാക്ഷി പ്രമേയവും, ജയപ്രകാശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കരുണാകരൻ കണ്ടോന്താർ വരവ് ചെലവ് കണക്കും, കേളി ട്രഷറർ സെബിൻ ഇഖ്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അഞ്ചു യൂണിറ്റിൽ നിന്നായി ഒൻപതുപേർ ചർച്ചയിൽ പങ്കെടുത്തു. ബൈജു ബാലചന്ദ്രൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ന്യൂ സനയ്യ രക്ഷാധികാരി സമിതി അംഗം ലീന കോടിയത്ത്, കേന്ദ്ര കമ്മറ്റി അംഗം ലിപിൻ പശുപതി, കേന്ദ്ര കമ്മറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി നിസാർ മണ്ണഞ്ചേരി - (പ്രസിഡന്റ്), അബ്ദുൽ നാസർ, ജയപ്രകാശ് - (വൈസ് പ്രസിഡന്റുമാർ), ഷിബു തോമസ് - (സെക്രട്ടറി), തോമസ് ജോയ്, താജുദ്ദീൻ - (ജോയിന്റ് സെക്രട്ടറിമാർ), ബൈജു ബാലചന്ദ്രൻ - (ട്രഷറർ), അബ്ദുൽ കലാം - (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ലാസറുദി യൂണിറ്റ് അംഗം രഞ്ജിത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിന് സെക്രട്ടറി ഷിബു തോമസ് നന്ദി പറഞ്ഞു.   Read on deshabhimani.com

Related News