ജോൺ പോളിന് കേളിയുടെ ആദരാഞ്ജലി



റിയാദ്> പ്രശസ്‌ത തിരക്കഥാകൃത്തും, സിനിമാ നിർമ്മാതാവുമായ  ജോൺ പോളിന്റെ നിര്യാണത്തിൽ കേളി കലാസാംസ്‌കാരിക വേദി ആദരാഞ്ജലികൾ അർപ്പിച്ചു. തന്റെ തിരക്കഥ കൊണ്ട് മലയാള സിനിമാ ഭാവുകത്വം തന്നെ മാറ്റിമറിക്കുവാൻ ജോൺ പോളിന് കഴിഞ്ഞിട്ടുണ്ടെന്ന് കേളി സെക്രട്ടറിയേറ്റിന്റെ അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു. മലയാളികളുടെ ചലച്ചിത്രാസ്വാദനം പുതിയ മേഖലകളിലേക്ക് കൊണ്ടുപോകുവാനും, പ്രേക്ഷകരെ തന്റെ സിനിമയോടൊപ്പം ചേർത്തു നിർത്താനുമുള്ള ജോൺ പോളിന്റെ കഴിവ് അപാരമായിരുന്നു.  നൂറോളം സിനിമകൾ ജോൺപോളിന്റെ രചനാ ശൈലിയിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട്. സിനിമയെ സംബന്ധിക്കുന്നതുൾപ്പെടെ ഇരുപതോളം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. ചുരുക്കം ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മാക്ടയുടെ ആദ്യത്തെ സെക്രട്ടറിയും, നല്ലൊരു വാഗ്മിയും വിവിധ വിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യമുള്ള വ്യക്തികൂടിയായ ജോൺ പോളിന്റെ നിര്യാണം കേരള സാംസ്‌കാരിക സമൂഹത്തിനും, മലയാള സിനിമാ ലോകത്തിനു പ്രത്യേകിച്ചും തീരാ നഷ്ടം തന്നെയാണെന്ന് കേളിയുടെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.   Read on deshabhimani.com

Related News