കേളി ഇടപെടൽ; 14 വർഷത്തിനൊടുവിൽ മലപ്പുറം സ്വദേശി നാട്ടിലേക്ക് മടങ്ങി



റിയാദ്> നിയമകുരുക്കിൽ അകപ്പെട്ട് പതിനാല് വർഷത്തോളമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന മലപ്പുറം സ്വദേശി ശിവകുമാർ നാട്ടിലേക്ക് മടങ്ങി. റിയാദിലെ ഉമ്മുൽ ഹമാം ഉറൂബയിൽ കഴിഞ്ഞ 23 വർഷത്തിലധികമായി വർക്ക് ഷോപ്പിൽ ജോലി ചെയ്‌ത് വരികയായിരുന്ന ശിവകുമാർ 2017 മുതൽ ഇക്കാമ ഇല്ലാതെ കഴിയുകയായിരുന്നു. ഇതിനിടയിൽ രണ്ടു തവണ നാട്ടിൽ പോകാൻ ഔട്ട്പാസ് ലഭിച്ചെങ്കിലും ഇവിടെ തന്നെ തുടരേണ്ടിവന്നു. എന്നാൽ അടുത്തിടെ ജോലിക്കിടയിൽ കാലിന് മുറിവ് സംഭവിക്കുകയും ഷുഗർ ബാധിതനായതിനാൽ പരിക്ക് ഗുരുതരമാവുകയും ചെയ്‌തു. തുടർന്ന് നാട്ടിലെത്താനുള്ള നിയമ സഹായത്തിനായി കേളി ഉമ്മുൽ ഹമാം ഏരിയ പ്രവർത്തകരെ സമീപിച്ചു. മുൻപ് രണ്ടു തവണ ഔട്ട് പാസ് കിട്ടിയിട്ടും പോകാതിരുന്നതിനാൽ  തടസങ്ങൾ ഉണ്ടായിരുന്നെങ്കിലും കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് തർഹീൽ വഴി എക്‌സിറ്റ് ഏർപ്പാടാക്കി. പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിച്ച കേളി ജീവകാരുണ്യ വിഭാഗത്തോടും, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ കേളി ഉമ്മുൽ ഹമാം ഏരിയ പ്രവർത്തകരോടും ശിവകുമാർ നന്ദി പങ്കുവെച്ചു. Read on deshabhimani.com

Related News