സൗദിയിലെ വിദ്യാർഥികൾക്കും ‘ കീം പ്രവേശനപരീക്ഷ’ എഴുതാൻ അവസരമൊരുക്കണം : കേളി



റിയാദ് > ജൂലൈ മാസം പതിനാറാം തീയതി നടത്താൻ നിശ്ചയിച്ചിരിക്കുന്ന കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ KEAM, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  മാറ്റിവെക്കുകയോ അല്ലെങ്കിൽ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സൗദിയിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുകയോ വേണമെന്ന് റിയാദ് കേളി കലാസാംസ്കാരിക വേദി കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. സൗദിയിൽ പ്രവർത്തിക്കുന്ന നാൽപതിലധികം ഇന്ത്യൻ സ്കൂളുകളിൽ ഭൂരിഭാഗവും മലയാളി വിദ്യാർഥികളാണ് പഠിക്കുന്നത്. ഗൾഫിൽ പന്ത്രണ്ടാം ക്‌ളാസ്സിൽ പഠിക്കുന്ന നിരവധി മലയാളി വിദ്യാർഥികൾക്ക് പരീക്ഷകൾ മുഴുവനായും എഴുതുവാനും തുടർ പഠനത്തിനായി കേരളത്തിലേക്ക് തിരിച്ചു പോകാനും സാധിച്ചിട്ടില്ല. മറ്റു ഗൾഫ് രാജ്യങ്ങളിൽ ഉള്ളതു പോലെ KEAM പരീക്ഷാ കേന്ദ്രങ്ങൾ സൗദി അറേബ്യയിൽ അനുവദിച്ചിട്ടും ഇല്ല. ഇത് സൗദി അറേബ്യയിലെ പന്ത്രണ്ടാം ക്‌ളാസ്സ്‌ കഴിഞ്ഞിരിക്കുന്ന വിദ്യാർഥികളെയും അവരുടെ  കുടുംബങ്ങളേയും ഒരു പോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നീറ്റ്, ജെ ഇ ഇ പ്രവേശന പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്ന പശ്ചാത്തലത്തിൽ സൗദിയിലെ പ്രവാസി വിദ്യാർഥികളുടെ ഭാവി പരിഗണിച്ച് കേരള സർക്കാരും KEAM പ്രവേശന പരീക്ഷ മാറ്റിവയ്ക്കാൻ തയ്യാറാവുകയോ അല്ലെങ്കിൽ സൗദിയിലെ പ്രധാന നഗരങ്ങളിൽ KEAM പ്രവേശനപരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കാൻ തയ്യാറാവുകയോ വേണമെന്ന് റിയാദ് കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News