കല കുവൈറ്റ് "എന്റെ കൃഷി" പുതിയ സീസൺ സെപ്റ്റംബർ രണ്ടാം വാരം മുതൽ



കുവൈറ്റ് സിറ്റി> കുവൈറ്റ് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിന്‍റെ നേതൃത്വത്തില്‍ "എന്‍റെ കൃഷി" കാര്‍ഷിക മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 15നു മത്സരം ആരംഭിച്ച് 2023 മാർച്ചിൽ അവസാനിക്കുന്ന രീതിയിലാണ് “എന്‍റെ കൃഷി” യുടെ മത്സരക്രമം ഒരുക്കിയിരിക്കുന്നത്. ഫ്ളാറ്റുകളിലെ ബാല്‍ക്കണികളിലും, ടെറസുകളിലും കാര്‍ഷിക വിളകള്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കാളികളാകാം. കല കുവൈറ്റിന്‍റെ യൂണിറ്റുകളുമായി ബന്ധപ്പെട്ടു സൗജന്യമായി ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. സെപ്റ്റംബർ ആദ്യവാരം വിത്ത് വിതരണം നടത്തുകയും , കുവൈറ്റിലെ കാര്‍ഷിക രംഗത്തെ വിദഗ്ദ്ധര്‍ അടങ്ങുന്ന സമിതി 2023 ജനവരി ആദ്യവാരം മുതല്‍ മാര്‍ച്ച് വരെ ഓരോ കര്‍ഷകസുഹൃത്തുക്കളെയും നേരിൽക്കണ്ട് കാര്‍ഷിക വിളകള്‍ വിലയിരുത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്യും. കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ ഉപയോഗം, കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍, ദൈനംദിന പരിപാലനത്തിനെടുക്കുന്ന സമയം, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ നോക്കിയാണ് വിജയികളെ തീരുമാനിക്കുക. എന്റെ കൃഷിയുടെ കമ്മിറ്റി രൂപീകരണ യോഗം അബ്ബാസിയ കല സെന്ററിൽ വെച്ച് കല കുവൈറ്റ്‌ പ്രസിഡന്റ്‌ പിബി സുരേഷിന്റെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ കല കുവൈറ്റ്‌ ആക്ടിങ് സെക്രട്ടറി ജിതിൻ പ്രകാശ് എന്റെ കൃഷിയുമായുള്ള ബന്ധപ്പെട്ടുള്ള വിശദീകരണം നൽകി. പരിപാടിയുടെ നടത്തിപ്പിനായി ജനറൽ കൺവീനർ ആയി നവീൻ എളവയൂരിനെയും കൺവീനർമാരായി ദേവദാസ്, വിജേഷ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 97109504, 99861103, 67059835, രജിസ്ട്രേഷന് അബ്ബാസിയ - 65119523, സാൽമിയ - 66609752, അബുഹലീഫ - 66136914, ഫഹാഹീൽ - 55743396 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. www.kalakuwait.com എന്ന വെബ്‌സൈറ്റിലും രെജിസ്ട്രേഷനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രെജിസ്ട്രേഷനുള്ള അവസാന തീയതി സെപ്റ്റംബർ 10   Read on deshabhimani.com

Related News