ബജറ്റില്‍ പ്രവാസികള്‍ക്ക് കരുതലും ആദരവും: കൈരളി ഒമാന്‍



മസ്‌കത്ത്: ബജറ്റില്‍ പ്രവാസികള്‍ക്ക് സമഗ്ര ആശ്വാസ പാക്കേജ് പ്രഖ്യാപിക്കുക വഴി പ്രവാസി സമൂഹത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ആദരവും അംഗീകാരവും നല്‍കിയിരിക്കുകയാണെന്ന് കൈരളി ഒമാന്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രതിസന്ധിയുടെ കാലത്ത് പ്രവാസികള്‍ക്ക് ആശ്വാസവും കരുതലുമാണ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ്. ക്ഷേമനിധി പെന്‍ഷന്‍ ഗള്‍ഫിലുള്ളവര്‍ക്ക് 3,500 രൂപയായും നാട്ടില്‍ തിരിച്ചെത്തിയവരുടേത് 3,000 രൂപയുമായുമാണ് വര്‍ധിപ്പിച്ചത്. പ്രവാസി ക്ഷേമിനിധി വികസിപ്പിക്കും. പ്രവാസി സമഗ്രാശ്വാസ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തി. പദ്ധതിയില്‍ തിരിച്ചുവരുന്ന പ്രവാസികളുടെ പട്ടിക തയ്യാറാക്കും. അവര്‍ക്ക് നൈപുണ്യ പരിശീലനത്തിന് പദ്ധതി ആവിഷ്‌കരിക്കും.  വീണ്ടും വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു. പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് വലിയ പരിഗണനയാണ് ബജറ്റ് നല്‍കുന്നത്. പ്രവാസികള്‍ക്കും കുടുംബത്തിനും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുമെന്നും മടങ്ങിവന്ന പ്രവാസികള്‍ക്കുള്ള വായ്പാപദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസികളുടെ ക്ഷേമത്തിനൊപ്പം കേരളത്തിന്റെ സമഗ്ര പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും സമാനതകളില്ലാത്ത പദ്ധതികളാണ് ബജറ്റില്‍ വിഭാവനം ചെയ്തിട്ടുള്ളതെന്നും കൈരളി പ്രസ്താവനയില്‍ വ്യക്തമാക്കി. Read on deshabhimani.com

Related News