സൗദിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ജഡ്ജി പിടിയില്‍



മനാമ> അനുകൂലമായ വിധി സമ്പാദിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ സൗദിയിൽ ജഡ്ജി പിടിയിൽ. മദീന പ്രവിശ്യ അപ്പീൽ കോടതി ജഡ്‌ജി ഇബ്രാഹിം ബിൻ അബ്ദുൽ അസീസാണ് അറസ്‌റ്റിലായത്. കക്ഷിയിൽനിന്ന് അഞ്ച് ലക്ഷം റിയാൽ കൈക്കൂലി സ്വീകരിക്കുന്നതിനിടെയാണ് ജഡ്‌ജിയെ അറസ്റ്റ് ചെയ്‌തതെന്ന് ആന്റി കറപ്‌ഷൻ അതോറിറ്റി (നസാഹ) അറിയിച്ചു. മറ്റൊരു പ്രവിശ്യയിലെ ജനറൽ കോടതിയിൽ നടക്കുന്ന കേസിൽ തനിക്ക് അനുകൂലമായി അന്തിമ വിധി നേടിയെടുക്കാൻ സൗദി പൗരൻ അപ്പീൽ കോടതി ജഡ്‌ജിക്ക് 40 ലക്ഷം റിയാൽ കൈക്കൂലി വാഗ്ധാനം ചെയ്‌തിരുന്നു. ഇതിന്റെ ആദ്യ ഗഡുവായ അഞ്ചു ലക്ഷം റിയാൽ കൈമാറുന്നതിനിടെയാണ് അറസ്‌റ്റ്. ജഡ്‌ജിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായും അതോറിറ്റി അറിയിച്ചു. ഇബ്രാഹിം ബിൻ അബ്‌ദുൽ അസീസ് 2020 ലാണ് മദീന അപ്പീൽ കോടതിയിൽ ജഡ്‌ജിയായി എത്തിയത്. അതിനുമുമ്പ്‌  റിയാദ് ജനറൽ കോടതി ജഡ്‌ജിയായിരുന്നു. സാമ്പത്തികവും ഭരണപരവുമായ അഴിമതിയെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ 2011ൽ സ്ഥാപിച്ചതാണ് നസാഹ. ഇതുവരെ നൂറുകണക്കിന് ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ജീവനക്കാരെയും കൈക്കൂലി, അഴിമതി ആരോപണങ്ങളിൽ നസാഹ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. Read on deshabhimani.com

Related News