ഇറാൻ ഭൂകമ്പം: യുഎഇയിലും പ്രകമ്പനം



ദുബായ്> തെക്കൻ ഇറാനിൽ റിക്ടർ സ്‌കെയിലിൽ 6.1 രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളുടെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. യുഎഇ സമയം പുലർച്ചെ 1.32 നാണ്  ബന്ദർ ഖമീറിന് 10 കിലോമീറ്റർ ചുറ്റളവിൽ ആദ്യ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎഇ അധികൃതർ അറിയിച്ചു. രണ്ടാമത്തെ ഭൂചലനം 3.24 ഓടെ ആയിരുന്നു. യുഎഇയിൽ അനുഭവപ്പെട്ട ഭൂചലനം 4.6,  4.4 എന്നിങ്ങനെ തീവ്രത റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തി. യുഎഇയിൽ ഷാർജ, അജ്മാൻ, ഉം അൽ ക്വയിം, റാസൽഖൈമ എന്നിവിടങ്ങളിൽ പ്രകടമായ തോതിലായിരുന്നു പ്രകമ്പനം ഉണ്ടായത്. ഷാർജയിൽ കെട്ടിടങ്ങൾ ചെറിയതോതിൽ ഉലയുകയും, ഫാനുകളും ലൈറ്റുകളും വാതിലുകളും തുടർച്ചയായി പ്രകമ്പനം കൊള്ളുകയും ചെയ്തതായി ഇവിടങ്ങളിലെ താമസക്കാർ സൂചിപ്പിച്ചു. ചിലയിടങ്ങളിൽ അലമാരകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ ചുമരിൽ തൂക്കിയിട്ടിരുന്ന ക്ലോക്കുകൾ, ഫോട്ടോ എന്നിവയെല്ലാം ഇളകി താഴെ വീണിരുന്നു. കെട്ടിടം ആടി ഉലയുന്നതായി അനുഭവപ്പെട്ട ചിലർ കെട്ടിടങ്ങളിൽ നിന്നും പുറത്തിറങ്ങി. ഇത്തവണത്തെ പ്രകമ്പനം സാധാരണയിൽ കവിഞ്ഞുള്ള രീതിയിൽ അനുഭവപ്പെട്ടതായും ഷാർജയിലുള്ള ചില താമസക്കാർ സൂചിപ്പിച്ചു. മറ്റ് അപകടങ്ങളും അപായങ്ങളോ ഒന്നും ഇവിടെ സംഭവിച്ചില്ല. സൗദി അറേബ്യ, മസ്ക്കറ്റ്, ഖത്തർ, ബഹറിൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെല്ലാം ഭൂകമ്പത്തിന്റെ അലയടികൾ ഉണ്ടായിരുന്നു. അതേസമയം ഭൂചലനത്തിന്റെ ഭാഗമായി ഇറാനിൽ മൂന്നുപേർ മരിക്കുകയും 17 പേർക്ക്  പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. Read on deshabhimani.com

Related News