സംഗീതവും ആഘോഷവും ചിലങ്ക കെട്ടിയ ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയറിന് സമാപനം



  മനാമ > സംഗീതവും ആഘോഷവും ചിലങ്ക കെട്ടിയ മൂന്ന് ദിനരാത്രങ്ങള്‍; ആസ്വാദിക്കാനും സൗഹൃദം പങ്കുവെക്കാനും ഒഴുകിയെത്തിയത് ആയിരങ്ങള്‍. മൂന്നു  വര്‍ഷത്തെ ഇടവേളക്കു ശേഷം എത്തിയ ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയറിനും ഫുഡ് ഫെസ്റ്റിവലിനും തിരശ്ശീല.     ആദ്യ ദിനം ഇന്ത്യന്‍ സകൂള്‍ കലോത്സവമായ തരംഗിന്റെ ഫനാലേയാണ് അരങ്ങേറിയത്. മെഗാ ഫെയറിന്റെ അവസാന രണ്ടു ദിവസം അഭൂതപൂര്‍വമായ ജനതിരക്ക്് അനുഭവപ്പെട്ടു. സൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ളവര്‍ കുടുംബ സമേതമാണ് കാമ്പസിലേക്ക് എത്തിയത്. സമാപന ദിവസം ബോളിവുഡ്  ഗായിക ഭൂമി ത്രിവേദിയും സംഘവും നയിച്ച ഗാനമേളക്കൊപ്പം നിറഞ്ഞ സദസ് ചുവട്‌വെച്ചു. സഹൃദയ സംഘം നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. ജനകീയ കലാരൂപമായ ഒപ്പനയും റിഫ കാമ്പസ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഗോവന്‍ നൃത്തവും കാണികള്‍ക്ക് ഹരം പകര്‍ന്നു.   ക്യാപിറ്റല്‍ ഗവര്‍ണറേറ്റ്   ഡയറക്ടര്‍ ഓഫ്  ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്  ഫോളോഅപ് യുസഫ്  യാക്കൂബ് ലോറി, വിദ്യാഭ്യാസ മന്ത്രാലയം റിസ്‌ക്  അസൈന്‍മെന്റ് ആന്‍ഡ് ലീഗല്‍ അഫയേഴ്‌സ് ഡയറക്ടര്‍ റീം അല്‍ സാനെയി, സ്‌കൂള്‍  ചെയര്‍മാന്‍ പ്രിന്‍സ് എസ്  നടരാജന്‍, സെക്രട്ടറി സജി ആന്റണി, മറ്റ് ഭാരവാഹികള്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, തുടങ്ങിയവര്‍ സന്നിഹിതരായി. ചടങ്ങില്‍  മെഗാഫെയര്‍ സുവനീറിന്റെ പ്രകാശനം ഫെയര്‍ സുവനീര്‍ എഡിറ്റര്‍ ബിനോജ് മാത്യു, സ്റ്റാഫ് എഡിറ്റര്‍ ഒപി ശ്രീസദന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥി നിര്‍വഹിച്ചു. പ്രിന്‍സ് എസ് നടരാജന്‍ അധ്യക്ഷനായി. സ്‌കൂള്‍ അധ്യാപികമാരായ പ്രജീഷ ആനന്ദ്, സവിത രാജേഷ്, സുമി മേരി ജോര്‍ജ്, അമല കെടി എന്നിവര്‍ അവതാരകരായി.    രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ അമ്പാസഡര്‍ പിയുഷ് ശ്രീവാസ്തവ മെഗാഫെയര്‍ ഫുഡ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. എംബസി സെക്കന്‍ഡ് സെക്രട്ടറി രവി കുമാര്‍ ജെയിന്‍, യൂസഫ് യാക്കൂബ് ലോറി (ഡയറക്ടര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോ അപ്) എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ സ്‌കൂളിന്റെ അക്കാദമിക മികവിനെയും ആസൂത്രണ പാടവത്തെയും  അധ്യാപകരുടെ  അര്‍പ്പണബോധത്തെയും ഇന്ത്യന്‍ അംബാസഡര്‍ അഭിനന്ദിച്ചു. ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലാഭേച്ഛയില്ലാതെ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യാന്‍ ഇന്ത്യന്‍ സ്‌കൂളിന് സാധിക്കുന്നുവെന്ന്  അദ്ദേഹം പറഞ്ഞു.   ചടങ്ങില്‍ പ്രിന്‍സ് എസ്  നടരാജന്‍ അധ്യക്ഷനായി. ഇന്ത്യന്‍ സ്‌കൂള്‍ ഓരോ  വര്‍ഷവും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക്  ഫീസ് ഇളവ് നല്‍കുന്നതായും ഇതിനായി ധനസമാഹരണാര്‍ഥം നടത്തുന്ന മെഗാ ഫെയറിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നതെന്നും പ്രിന്‍സ് നടരാജന്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍  വിആര്‍ പളനിസ്വാമി സ്വാഗതം പറഞ്ഞു. പ്രിന്‍സ് നടരാജന്‍ അമ്പാസഡര്‍ക്ക്  മൊമെന്റോ സമ്മാനിച്ചു.    തുടര്‍ന്ന് സിദ്ധാര്‍ഥ്  മേനോനും മൃദുല വാര്യരും സംഘവും സംഗീത പരിപാടിയില്‍ അവതരിപ്പിച്ചു. സച്ചിന്‍ വാര്യര്‍,ആവണി,വിഷ്ണു ശിവ,അബ്ദുല്‍ സമദ് എന്നീ ഗായകരും പങ്കെടുത്തു.    ലോക പര്യടനത്തിന്റെ ഭാഗമായി സൈക്കിളില്‍ ലണ്ടനിലേക്ക് യാത്ര  നടത്തുന്ന ഫയാസ് അഷ്‌റഫ് അലി മെഗാ ഫെയര്‍ വേദിയിലെത്തി കാണികളെ അഭിവാദ്യം ചെയ്തു. പ്ലെഷര്‍ റൈഡേഴ്‌സ് ബഹ്‌റൈന്‍ അംഗങ്ങളും ബൈക്കുകളുമായി  വേദിയിലെത്തി മെഗാ ഫെയറിന് അഭിവാദ്യം അര്‍പ്പിച്ചു.            Read on deshabhimani.com

Related News