സൗജന്യ പിസിആര്‍ ടെസ്റ്റ് നടപ്പാക്കിയ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: ഐഎംസിസി ജിസിസി



കുവൈറ്റ് സിറ്റി> വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും എയര്‍പോര്‍ട്ടില്‍  സൗജന്യ പിസിആര്‍  കോവിഡ് ടെസ്റ്റ് നടപ്പാക്കുമെന്ന കേരള സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നതായി  ഐഎംസിസി ജിസിസി പ്രസിഡന്റ് സത്താര്‍ കുന്നില്‍. യാത്രാ നിയന്ത്രണം മൂലം ഗ്രാന്‍സിറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയവരും, കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുമായി നിരവധി പ്രവാസികളാണ് നാട്ടിലെത്താനുണ്ടായിരുന്നത് . ഇവരെ ചേര്‍ത്തു പിടിക്കുന്നതാണ്  സര്‍ക്കാര്‍ തീരുമാനമെന്നും സത്താര്‍ പറഞ്ഞു. രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം, വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ പിസിആര്‍ പരിശോധന നടത്താനുള്ള തീരുമാനം പ്രവാസികളില്‍ ശക്തമായ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഇടതുപക്ഷം ജനപക്ഷം എന്ന സര്‍ക്കാര്‍ നിലപാടാണ് ഇപ്പോള്‍ അന്വര്‍ഥമായതെന്നും അദ്ദേഹം പറഞ്ഞു. ഐഎംസിസി അടക്കം നിരവധി സംഘടനകള്‍ എയര്‍പോര്‍ട്ടിലെ പിസിആര്‍ ടെസ്റ്റ് പിന്‍വലിക്കുകയോ സൗജന്യമാക്കുകയോ വേണമെന്ന് സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. പ്രവാസികള്‍ നേരിടുന്ന പ്രതികൂല സാഹചര്യം മനസിലാക്കി പ്രവാസി സൗഹൃദ നിലപാട് കൈക്കൊണ്ട സര്‍ക്കാര്‍ പ്രവാസികള്‍ക്കൊപ്പമാണ് എന്ന് വീണ്ടും തെളിയിച്ചതായും സത്താര്‍ കുന്നില്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രവാസികള്‍ക്ക് വേണ്ടി ഒരു ചെറിയ സഹായം പോലും ചെയ്യാതെ കേന്ദ്രസര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുമ്പോഴാണ് കേരള സര്‍ക്കാറിന്റെ ആവര്‍ത്തിച്ചുള്ള പ്രവാസി സൗഹൃദ നടപടി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   Read on deshabhimani.com

Related News