"ഹയ" കാർഡ് ഉടമകൾക്ക് ഉംറക്കും മദീന സന്ദർശിക്കാനും അനുമതി



റിയാദ് > ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ ടിക്കറ്റ് എടുത്തവർക്കു  ഖത്തർ  അധികൃതർ  നൽകുന്ന ഹയ ഡിജിറ്റൽ കാർഡ്  കൈവശമുള്ള ലോകത്തിന്റെ ഏത് ഭാഗത്തുള്ള ഇസ്‌ലാം മത വിശ്വാസികൾക്കും   സൗദിയിലെ മക്കയിൽ എത്തി  ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും കഴിയും.  വിദേശ കാണികൾക്കു ഖത്തറിലേക്കുള്ള പ്രവേശന വിസ കൂടിയാണ് ഹയ കാർഡ്.  ഹയ കാര്‍ഡുള്ളവര്‍ക്ക് ഉംറക്ക് പ്രത്യേക വിസ വേണ്ടെന്നും അവര്‍ക്ക് ഉംറ നടത്താമെന്നും സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹയ കാർഡ് കൈവശമുള്ളവർക്ക് ലഭിച്ച ഏറ്റവും വലിയ സുവർണ്ണാവസരമാണ് സൗജന്യ ഉംറയും മദീന സന്ദർശനവും. ഫീസില്ലാതെ സൗജന്യമായ ഹയ കാർഡ് വിസയുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങളുണ്ടെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ഹയ കാർഡ് ഉള്ളവർക്ക് രാജ്യത്തിലേക്കുള്ള പ്രവേശന വിസ നൽകുന്നതിന് പകരമായി വിദേശകാര്യ മന്ത്രാലയത്തിലെ ഇലക്ട്രോണിക് വിസ സേവന പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനങ്ങളുടെ ചിലവ് രാജ്യമാണ് വഹിക്കുക.  ഹയാ കാർഡ് ഉടമകൾ രാജ്യത്തേക്ക് വരുന്നതിന് മുമ്പ് മെഡിക്കൽ ഇൻഷുറൻസ് നേടേണ്ടതുണ്ട്, അത് "വിസ" പ്ലാറ്റ്‌ഫോം വഴി നേടാനാകും എന്നും മന്ത്രാലയം പറഞ്ഞു. "ഹയ വിസ"  ലോകകപ്പിന്റെ അവസാന ദിവസം ആയ 2022 ഡിസംബർ 18 വരെ സാധുതയുള്ളതായിരിക്കും, കൂടാതെ ഇത് ഒരു മൾട്ടിപ്പിൾ എൻട്രി വിസയാണ്, വിസ  ഉടമയ്ക്ക് അതിന്റെ സാധുത കാലയളവിൽ എപ്പോൾ വേണമെങ്കിലും രാജ്യത്ത് പ്രവേശിക്കാനും പുറത്തുപോകാനും കഴിയും. കൂടാതെ ഖത്തറിലേക്ക് മുൻകൂർ പ്രവേശനം നിബന്ധനയില്ല എന്നും മന്ത്രാലയം പറഞ്ഞു.  ഖത്തറുമായി കരമാര്‍ഗം അതിര്‍ത്തി പങ്കിടുന്ന സഊദി അറേബ്യ ലോകകപ്പിനെത്തുന്നവര്‍ക്ക് താമസ സൗകര്യം ഉള്‍പ്പെടെ നിരവധി സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.   Read on deshabhimani.com

Related News