അംഗീകൃത മെഡിക്കൽ എന്‍ജിനീയറിങ് എൻട്രൻസ് പരിശീലനം സൗദിയിൽ



ദമാം > സൗദി പ്രവാസി വിദ്യാർത്ഥികളുടെ ചിരകാല സ്വപ്നമായ മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനത്തിന് സൗദി അറേബ്യ വിദ്യാഭ്യാസവകുപ്പിൽ നിന്നും അംഗീകാരം  ലഭിച്ചു. സൗദി അറേബ്യയിലെ ഇന്ത്യൻ വിദ്യാർഥികളുടെ തുടർ പഠനത്തിനുള്ള  എല്ലാ സാധ്യതകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൗദിയിൽ രജിസ്റ്റർ ചെയ്‌ത എഡ്യൂക്കേഷൻ പാർട്ടിനേഴ്‌സ് കമ്പനി ആണ് ഇന്ത്യയിലെ എൻട്രൻസ് പരീക്ഷ പരിശീലന സ്ഥാപനമായ ആസ്‌ക് ഐഐടിയൻസുമായി ചേർന്ന്  വിദ്യാഭ്യാസ  മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കോച്ചിങ് ആരംഭിക്കുന്നത്. സൗദി അറേബ്യയിലെ ദമാമിൽ അൽ മുന ഇന്റർനാഷണൽ സ്കൂളുമായും ജുബൈലിൽ ഡ്യൂൺസ് സ്കൂളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സൗദിയിൽ ഇതാദ്യമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കോച്ചിങ് ആരംഭിക്കുന്നതെന്ന് എഡ്യൂക്കേഷൻ പാർട്ടണേഴ്‌സ് കമ്പനി ഡയറക്‌ടർ ഡോ. ടി പി മുഹമ്മദ്, അൽ മുന സ്‌കൂൾ പ്രിൻസിപ്പൽ നാസ്സർ അൽ സഹ്‌റാനി, വൈസ് പ്രിൻസിപ്പൽ അബ്‌ദുൽ കാദർ മാസ്റ്റർ, ആസ്‌ക് ഐഐടിയൻസ് സിഇഓ സതീഷ് റാവു, ചീഫ് കോഓർഡിനേറ്റർ ഹർഷ് പട്ടോഡിയ എന്നിവർ ദമ്മാമിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു.  സ്‌കൂൾ സമയം കഴിഞ്ഞായിരിക്കും സ്‌കൂളുകളിൽ ഫിസിക്കൽ ക്ലാസുകൾ നടക്കുക. ഉച്ച കഴിഞ്ഞുള്ള സമയങ്ങളിൽ വിദ്യാലയങ്ങൾ ഈ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള അനുമതി കൂടി സ്ഥാപനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള പരിചയസമ്പന്നരായ ഐഐടി അധ്യാപകർ, വിശകലനത്തോടുകൂടിയ റെഗുലർടെസ്റ്റ് സീരീസ്, പതിവ് സംശയ നിവാരണവും ഗൃഹപാഠവും,  കരിയർ കൗൺസിലിംഗും PTM-കളും, സ്വയം-പഠനവും പുനരവലോകനവും, ചെറിയ ബാച്ചുകൾ,  ആറാം ക്‌ളാസ് മുതലുള്ള കുട്ടികൾക്കു ഫൗണ്ടേഷൻ ക്ലാസുകൾ എന്നിവയാണ് സംരംഭത്തിന്റെ പ്രത്യേകതകൾ. കോച്ചിങ്ങുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എല്ലാ ദിവസവും രാത്രി 8വരെ ദമ്മാം അൽ മുന സ്‌കൂളിലും ജുബൈൽ ഡ്യൂൺസ് സ്‌കൂളിലും എഡ്യൂക്കേഷൻ പാർട്ടിനേഴ്‌സ് ടീമിന്റെ സേവനം ലഭ്യമായിരിക്കും. സ്ഥാപനത്തിന്റെ ഔദ്യോഗിക ലോഞ്ചിങ് മെയ് 13നു രാത്രി ഏഴിന് ദമ്മാം റോസ് റെസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്നതാണ്. Read on deshabhimani.com

Related News