ദുബായിൽ പെൺകുട്ടികൾക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്



ദുബായ് > ദുബായിൽ പെൺകുട്ടികൾക്ക് ഇവൻറ് മാനേജ്മെൻറ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തൊഴിൽ തട്ടിപ്പ്. തട്ടിപ്പിനിരയായി തടങ്കലിലായ തിരുവനന്തപുരം  സ്വദേശിനിയായ പെൺകുട്ടിയെ 'ഓർമ' പ്രവർത്തകർ  ഇടപെട്ട് മോചിപ്പിച്ച് നാട്ടിലെത്തിച്ചു. പ്രമുഖ ഇവൻറ് മാനേജ്മെൻറ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് നാട്ടിലെ ഒരു ഏജൻസി മുഖേന പെൺകുട്ടിയെ സന്ദർശക വിസയിൽ ദുബായിലെത്തിച്ചത്. എന്നാൽ, ദുബായിൽ എത്തിയതോടെ പറഞ്ഞുറപ്പിച്ച ജോലി നൽകുന്നതിന് പകരം ഒരു ഹോട്ടലിലെ ബാറിൽ ജോലി ചെയ്യാൻ പെൺകുട്ടിയെ നിർബന്ധിക്കുകയായിരുന്നു. പെൺകുട്ടി തയാറാകാതിരുന്നതോടെ മുറിയിൽ പൂട്ടിയിടുകയും ചെയ്‌തു. ഓർമ സംഘടനയിലെ അംഗങ്ങളുമായി ബന്ധപ്പെടാൻ പെൺകുട്ടിയ്ക്ക് അവസരം കിട്ടിയതോടെയാണ് രക്ഷപെടാനുള്ള വഴി ഒരുങ്ങിയത്. ഓർമ പി ആർ കമ്മറ്റി പ്രതിനിധികൾ നോർകയുമായി ബന്ധപ്പെടുകയും നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണന്  ഇടപെടുകയും,  ദുബായ് പോലീസിന്റെ  സഹായത്തോടെ പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു. രക്ഷപ്പടുത്തിയ പെൺകുട്ടിയെ ഓർമ പ്രതിനിധികളും ലോക കേരളസഭാംഗങ്ങളും ചേർന്ന് നാട്ടിലേക്ക് അയച്ചു.നാട്ടിൽ നിന്ന് വിദേശ തൊഴിലുകൾ നേടാൻ ശ്രമിക്കുന്നവർ നിർബന്ധമായും അംഗീകൃത ഏജൻസികൾ വഴിമാത്രം അവസരങ്ങൾ തേടണമെന്ന് ഓർമ ഭാരവാഹികൾ, ലോകകേരള സഭാംഗങ്ങൾ എന്നിവർ അറിയിച്ചു.   Read on deshabhimani.com

Related News