ഡൽഹിക്കാർക്കുമാത്രം ചികിത്സ ഭരണഘടനാവിരുദ്ധം‌: എളമരം കരീം എംപി; കെജ്‌രിവാളിന്‌ കത്ത്‌ നൽകി



ന്യൂഡൽഹി> സ്വകാര്യ ആശുപത്രികളിൽ തദ്ദേശീയർക്കുമാത്രം ചികിത്സ അനുവദിച്ചാൽ മതിയെന്ന ഡൽഹി സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എളമരം കരീം എംപി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ കത്ത്‌ നൽകി. ഡൽഹി സർക്കാരിന്റെ തീരുമാനം മനുഷ്യത്വവിരുദ്ധവും നിർഭാഗ്യകരവും അധാർമ്മികവുമാണെന്ന്‌ എളംമരം കരീം പറഞ്ഞു. ഭരണഘടനാവിരുദ്ധമായ നീക്കമാണിത്‌. താമസസ്ഥലത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളോട്‌ വിവേചന മനോഭാവം പുലർത്തുന്നത്‌‌ മൗലികാവകാശ ലംഘനമാണ്‌. ഡൽഹിനിവാസികളാണെന്ന്‌‌ തെളിയിക്കാൻ ഏഴോളം രേഖകളിൽ ഏതെങ്കിലും ഹാജരാക്കണം. വിദ്യാർഥികളും അതിഥിത്തൊഴിലാളികളും മാധ്യമപ്രവർത്തകരും ഡോക്ടർമാരും നേഴ്‌സുമാരും ഉൾപ്പെടെ ഡൽഹിയിൽ താമസിക്കുന്നവരുടെ പക്കൽ ഇവയുണ്ടാകില്ല. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമായി ഇവരിൽ ആരെങ്കിലും ആശുപത്രികളിൽ എത്തിയാൽ ചികിത്സ നിഷേധിച്ചേക്കും. കോവിഡിനെതിരെ ഒറ്റക്കെട്ടായുള്ള‌ പോരാട്ടത്തിന്‌ തുരങ്കം വയ്‌ക്കുന്ന തീരുമാനം സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും എളമരംകരീം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News