താമസ വിസക്കാരെയും വിനോദ സഞ്ചാരികളെയും ദുബായ് സ്വീകരിക്കും



മനാമ > മാസങ്ങള്‍ നീണ്ട കൊറോണവൈറസ് നിയന്ത്രണങ്ങള്‍ക്കു ശേഷം ദുബായ് വീണ്ടും വിനോദ സഞ്ചാരികളെയും റെസിഡന്‍സ് വിസക്കാരെയും സ്വീകരിക്കുന്നു. ജൂലായ് ഏഴു മുതല്‍ ദുബായ് വിമാനത്താവളം വഴിയാണ് വിനോദസഞ്ചാരികളെ സ്വീകരിക്കുക. താമസ വിസയുള്ളവര്‍ക്ക് തിരിച്ചുവരാനുള്ള അനുമതി തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നു. യുഎഇയിലെ തെരഞ്ഞെടുത്ത പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ചൊവ്വാഴ്ച മുതല്‍ വിദേശ യാത്രക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. താമസക്കാര്‍ക്ക് അവര്‍ തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനത്ത് നിന്ന് യാത്ര ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്ത ഏത് എയര്‍ലൈനിലും യാത്ര ബുക്ക് ചെയ്യാം. യാത്രാ അനുമതി ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് കൈകാര്യം ചെയ്യും. അനുമതിയും ടിക്കറ്റുമുള്ളവര്‍ക്ക് മാത്രമാണ് ദുബായിലേക്ക് തിരിച്ച് വരാനാകുക. യാത്രക്ക് മുന്‍പ് കോവിഡ് ലക്ഷണങ്ങളില്ലെന്ന് പ്രസ്താവിക്കുന്ന 'ആരോഗ്യ പ്രഖ്യാപന ഫോം' പൂരിപ്പിച്ച് നല്‍കണം. യാത്രക്കാര്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ എയര്‍ലൈന്‍സിന് ബോഡിംഗ് നിരസിക്കാം. ഇവര്‍ ദുബായ് വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. വിമാനതാവളത്തില്‍നിന്ന് പുറത്ത് പോകുന്നതിന് മുന്‍പ് കോവിഡ് 19 ഡിഎക്‌സ്ബി സ്‌മാര്‍ട്ട് അപ്ലിക്കേഷനില്‍ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. കോവിഡ് 19 പരിശോധനാ ഫലം ലഭ്യമാകുന്നതുവരെ വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍ പാടില്ല. പോസിറ്റീവായാല്‍ 14 ദിവസം വീട്ടില്‍ ക്വാറന്റയ്‌നില്‍ കഴിയണം. താമസസ്ഥലത്ത് കഴിയാത്തവര്‍ ഗവണ്‍മെന്റ് നിശ്ചയിക്കുന്ന സ്ഥലത്ത് സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ കഴിയണം. വിനോദ സഞ്ചാരികള്‍ യാത്രയുടെ നാല് ദിവസത്തിനുള്ളില്‍ പിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ ദുബായ് വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയരാകണം. സാധുവായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം. താമസ വിസക്കാര്‍ക്കുള്ള മറ്റ് നിബന്ധനകള്‍ ഇവര്‍ക്കും ബാധകമാണ്.   Read on deshabhimani.com

Related News