വ്യക്തിഗത മദ്യ ലൈസന്‍സ് ഫീസ് ദുബായ് ഒഴിവാക്കി



മനാമ>  മദ്യം വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന വ്യക്തിഗത മദ്യലൈസൻസ് ഫീസ് ദുബായ് മുനിസിപ്പാലിറ്റി റദ്ദാക്കി. മദ്യം ലഭിക്കുന്നതിനുള്ള വാടക കരാറുകളുടെ ആവശ്യകതയും ഒഴിവാക്കി. ഇതോടൊപ്പം എല്ലാ ലഹരിപാനീയങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതിയും ദുബായ് സർക്കാർ നിർത്തലാക്കി. ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്ന തീരുമാന പ്രകാരം നിയമപരമായി മദ്യം വാങ്ങാൻ അർഹതയുള്ളവർക്ക് വ്യക്തിഗത മദ്യ ലൈസൻസുകൾ സൗജന്യമായി ലഭിക്കും. സാധുവായ എമിറേറ്റ്‌സ് ഐഡി ഉളളവർക്ക് ലൈസൻസിന് അപേക്ഷിക്കാം. വിനോദ സഞ്ചാരികൾക്ക് അപേക്ഷിക്കാൻ പാസ്‌പോർട്ട് മതി. യുഎഇയിൽ നിയമപരമായി മദ്യപിക്കാൻ കുറഞ്ഞത് 21 വയസ്സുണ്ടായിരിക്കണം. സ്വകാര്യമായോ ലൈസൻസുള്ള പൊതുസ്ഥലങ്ങളിലോ മാത്രമേ മദ്യം കഴിക്കാൻ പാടുള്ളൂ. മദ്യ ലൈസൻസ് ഫീസ് നേരത്തെ 270 ദിർഹമാ(608 രൂപ)യിരുന്നു. മുസ്ലിങ്ങളല്ലാത്ത പ്രവാസികൾക്കും സന്ദർശകർക്കുമാണ് ലൈസൻസ് ലഭിച്ചിരുന്നത്. പ്രവാസികൾക്ക് ഒരു വർഷം കാലാവധിയുള്ള  ആൽക്കഹോൾ ലൈസൻസാണ് നൽകിയിരുന്നത്. വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ ലൈസൻസും ലഭിച്ചു. കൂടുതൽ കാലം താമസിക്കുന്ന സന്ദർശകർക്ക് ലൈസൻസ് ദീർഘിപ്പിക്കാനും കഴിയുമായിരുന്നു. മാരിടൈം ആൻഡ് മെർക്കന്റൈൽ ഇന്റർനാഷണൽ (എംഎംഐ), ആഫ്രിക്കൻ ഈസ്‌റ്റേൺ കമ്പനികൾക്ക് കീഴിലാണ് ദുബായിലെ ഭൂരിഭാഗം മദ്യ വിൽപ്പന കേന്ദ്രങ്ങളും. ഇത്തരം വിതരണക്കാർ മുഖേനെയായിരുന്നു ലൈസൻസിന് അപേക്ഷിക്കേണ്ടിയിരുന്നത്. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത മദ്യ നയമാണ്. ഷാർജ എമിറേറ്റ്‌സ് പൂർണ മദ്യ നിരോധിതമാണ്. എന്നാൽ, അജ്മാനിൽ പ്രവാസികൾക്ക് മദ്യം വാങ്ങാൻ ലൈസൻസ് ആവശ്യമില്ല. മറ്റ് എമിറേറ്റുകളിൽ വ്യക്തിഗത ലൈസൻസ് ആവശ്യമാണ്. Read on deshabhimani.com

Related News